Friday, June 15, 2007

ചീനി കം


കഥ, സംവിധാനം : ആര്‍. ബാല്‍കി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : പി സി ശ്രീറാം
അഭിനേതാക്കള്‍ : അമിതാഭ് ബച്ചന്‍, തബു, പരേഷ് റാവല്‍, സൊഹ്‌റാ സെഹ്ഗ്‌വാള്‍, സ്വിനി ഖാര

ഒന്നരക്കിലോ പച്ചയായിട്ടുള്ള അമിതാഭ് ബച്ചനേയും 999 ഗ്രാം ഫ്രഷ് തബുവിനേയും രണ്ട് ടീസ്പൂണ്‍ എരിവുള്ള പരേഷ് റാവലിനേയും പാകത്തിനു ചേര്‍ത്ത് മധുരം കൂടിപോകാതെ പുതുമുഖ സംവിധായകനായ ബാല്‍കി തയ്യാറാക്കിയിരിക്കുന്ന പുതിയ ചിത്രമാണ് ചീനി കം. നിശബ്ദിനു ശേഷം ബച്ചന്‍ ചെറുപ്പക്കാരിയായ നായികയുമായി വരുന്ന ചിത്രം മോശമായിട്ടില്ല. ചെറിയൊരു കഥയാണെങ്കിലും അത് രസകരമായി തന്നെ ബാല്‍കി തന്റെ പരസ്യ സംവിധാനത്തിലെ പരിചയ സമ്പത്ത് വെച്ച് പറഞ്ഞിട്ടുണ്ട്.

ലണ്ടനിലെ “ഏറ്റവും മികച്ച“ ഇന്ത്യന്‍ റെസ്റ്റോറന്റായ സ്പൈസ് സിക്സിന്റെ ഉടമയും പ്രധാന ഷെഫുമാണ് കര്‍ക്കശക്കാരനും പിടിവാശിക്കാരനുമായ ബുദ്ധദേവ് ഗുപ്ത (അമിതാഭ്). ഒരു ദിവസം അവിടത്തെ അടുക്കളയില്‍ നിന്നും പോയ ഹൈദരാബാദി സഫ്രാണി പുലാവ് മധുരം (ചീനി) കൂടീ പോയെന്ന ആരോപണത്തോടെ അതേ പോലെ തിരിച്ചുവന്നു. അഭിമാനത്തിനു ക്ഷതമേറ്റ ബുദ്ധ അതിഥിയായ നീനാ വര്‍മ്മയോട് (തബു) തട്ടിക്കയറുകയും ശരിയായ പുലാവുണ്ടാക്കി കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു. പിറ്റേന്ന് നീനയുണ്ടാക്കി കൊണ്ടുവരുന്ന പുലാവ് രുചിച്ചു നോക്കുന്ന ബുദ്ധക്ക് തെറ്റു മനസ്സിലാകുന്നു. മാപ്പ് പറഞ്ഞു ശീലമില്ലാത്തതിനാല്‍ നീനയോട് മാപ്പ് പറയാന്‍ കഴി്യുന്നില്ലെങ്കിലും അതോടെ രണ്ടു പേരും അടുക്കുന്നു. വിവാഹത്തിനു നീനയുടെ പിതാവ് വര്‍മ്മയുടെ (പരേഷ റാവല്‍) സമ്മതം തേടി ദില്ലിയെലുത്തുന്ന ബുദ്ധ‍ക്ക് തന്നേക്കാള്‍ ആറു വയസ് കൂടുതലുള്ള ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വര്‍മ്മ തയ്യാറാകുന്നില്ല. വര്‍മ്മയുടെ സമ്മതം നേടാനുള്ള പരിശ്രമങ്ങളാണ് സിനിമയുടെ മര്‍മ്മം. ശ്രദ്ധിക്കപെടുന്ന മറ്റു രണ്ട് കഥാപാത്രങ്ങളാണ് മകനെ റെസ്ലിംഗ് ഹീറോസിനെ പോലെയാക്കിയെടുക്കാന്‍ ജിമ്മില്‍ പോകാന്‍ ഉപദേശിക്കുക്കയും ടിവി സീരിയലുകള്‍ കണ്ട് സമയം കഴിക്കുകയും ചെയ്യുന്ന ബുദ്ധയുടെ അമ്മയും (സൊഹ്‌റാ സെഹ്ഗ്‌വാള്‍) ബുദ്ധയുടെ ഒമ്പത് വയസ്സുള്ള അയല്‍ക്കാരിയായ “ഗേള്‍ഫ്രണ്ടായിവരുന്ന സെക്സിയും (സ്വിനി ഖാര). രക്താര്‍ബുദം ബാധിച്ച സെക്സിയാണ് അവശ്യ സന്ദര്‍ഭങ്ങളില്‍ ബുദ്ധയ്ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത്.

ചെറു ചെറു തമാശകളിലൂടെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാന്‍ കഥയെഴുതി സംവിധാനം ചെയ്ത ബാല്‍കിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ സിനിമയില്‍ വലിച്ചില്‍ വരുന്നു. അതു പോലെ കഥാന്ത്യവും തികച്ചും പ്രതീക്ഷിതം ആയിപ്പോയി. അഭിനേതാക്കളില്‍ പോണി ടെയിലുമായി വരുന്ന അമിതാഭ് തന്നെ മികച്ചു നില്‍ക്കുന്നു. അറുപത്തിനാലുകാരനായ കര്‍ക്കശക്കാരന്‍ കാമുകനെ അമിതാഭ് വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പരേഷ് റാവലും തബുവും സൊഹ്‌റാ സെഹ്ഗ്‌വാളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. സിനിമകളില്‍ ചെറിയ വായില്‍ വലിയ സംസാരം നടത്തുന്ന കുട്ടികള്‍ പലപ്പോഴും അസഹനീയമാകാറുണ്ടെങ്കിലും ഇവിടെ സ്വിനിയുടെ അഭിനയം തികച്ചും ക്യൂട്ടാണ്.

സിനിമയിലെ ഗാനവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജയാണ്. ഇളയരാജയുടെ തന്നെ പഴയ തമിഴ് സിനിമകളായ മൌനരാഗം, മെല്ലെ തുറന്ത കതവ്, തുടങ്ങിയ ചിത്രങ്ങളിലെ സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീറാമാണ്. പുതുമയുള്ള രംഗങ്ങളിലൂടെ ചിത്രീകരിച്ചതിന്റെ ക്രെഡിറ്റ് ശ്രീറാമിന്.

പലപ്പോഴും അശ്ലീലമാകാവുന്ന രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും അത് സഭ്യത ലംഘിക്കാതെ തന്നെ കടന്നു പോകുന്നതു കൊണ്ട് കുടുംബസമേതം തന്നെ കാണാവുന്ന ഒരു ചിത്രമാണ് ചീനി കം


എന്റെ റേറ്റിംഗ് : 3.5/5

Wednesday, June 13, 2007

“ശിവാജി - ദി ബോസ്” വരുന്നു


തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ “ശിവാജി - ദി ബോസ്” ജൂണ്‍ 15-നു ലോകമെമ്പാടും റിലീസാവുകയാണ്. തമിഴിലെ സൂപ്പര്‍ സംവിധായകനായ ഷങ്കര്‍ രജിനിയോട് കൂടെ ചേര്‍ന്നപ്പോള്‍ രജിനിയുടെ ആരാധകര്‍ വന്‍പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. 2005 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ശിവാജി ഒന്നര വര്‍ഷത്തിലധികമെടുത്താണ് പൂര്‍ത്തിയായത്. കഴിഞ്ഞവര്‍ഷം ദീവാലിക്ക് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു ആരംഭിച്ച ശിവാജി പല വട്ടം നീട്ടിവെക്കലുകള്‍ക്കു ശേഷമാണ് ജൂണ്‍ 15നു ഉറപ്പിച്ചത്.

രജിനികാന്തിന്റെ നൂറാമത് തമിഴ് ചിത്രമായ ശിവാജിയുടെ പിന്നില്‍ അണിനിരക്കുന്നത് സിനിമാ രംഗത്തെ പ്രമുഖരാണ്. നിര്‍മ്മാണം തമിഴിലെ പ്രമുഖ ബാനറായ എവിഎം, സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍, കഥ സംവിധായകനായ ഷങ്കര്‍ തന്നെ, സംഭാഷണം ഷങ്കറിന്റെ പതിവുകാരനായ സുജാത, ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ്, നൃത്തസംവിധാനം പ്രഭുദേവ, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വാലിയും വൈരമുത്തുവുമടക്കം നാലു പേര്‍, അമ്പത്തേഴുകാരനായ രജിനിക്ക് യുവത്വം നല്‍കാനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനറായ മനീഷ മല്‍ഹോത്ര. മറ്റു അഭിനേതാക്കള്‍ ശ്രിയ, വിവേക്, സുമന്‍, പ്രകാശ് രാജ്, രഘുവരന്‍ തുടങ്ങിയവരാണ്.


ശിവാജി തീരുമാനിച്ചതു മുതല്‍ അതുമായി ബന്ധപെട്ടതെല്ലാം വാര്‍ത്തയായിരുന്നു. നായികയാവാന്‍ പതിവു പോലെ ആദ്യം ഐശ്വര്യ റായിയില്‍ തുടങ്ങി റാണി മുഖര്‍ജി, അസിന്‍, തൃഷ, സ്നേഹ, നയന്‍‌താര എന്നിവരെല്ലാം കഴിഞ്ഞാണ് ശ്രിയയ്ക്ക് നറുക്ക് വീണത്. അതു പോലെ വില്ലനാവാന്‍ മോഹന്‍ലാലിനു ക്ഷണം ലഭിച്ചിരുന്നു. സത്യരാജ്, നാനാ പടേക്കര്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കെല്ലാം ശേഷമാണ് സുമനെ തിരഞ്ഞെടുത്തത്. മറ്റൊരു പ്രമുഖ വേഷം ചെയ്യാന്‍ അമിതാഭ് ബച്ചനും ക്ഷണം ഉണ്ടായിരുന്നെങ്കിലും അത് രഘുവരനാണ് ചെയ്യുന്നത്. അതു പോലെ ഒരു ഐറ്റം നമ്പറിനായി മല്ലികാ ഷെറാവത്തിന്റെ പേരാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അതിനു ഭാഗ്യം ലഭിച്ചത് നയന്‍‌താരയ്ക്ക്. സിനിമയെ സംബന്ധിച്ച് കഥയോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഷങ്കര്‍ പുറത്താവാതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നതു കൊണ്ട് ഊഹാപോഹങ്ങള്‍ ധാരാളമാണ്. രജിനി ഡബിള്‍ റോളിലാണെന്നും അമിതാഭ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി വേഷങ്ങളില്‍ വരുന്നുണ്ടെന്നുമെല്ലാം അതില്‍ ചിലത് മാത്രം. സിനിമയുടെ കഥയെ പറ്റി പല രീതിയിലുമുള്ള വാര്‍ത്തകളും ഇറങ്ങിയിരുന്നു. പതിവു ഷങ്കര്‍ ചിത്രങ്ങളെ പോലെ അഴിമതിക്കെതിരെ രാജ്യത്തിലിപ്പോഴുള്ള വികസനത്തിനെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കുമെന്നു കരുതുന്നു. ട്രെയിലറുകളും അത്തരം ഒരു വീക്ഷണമാണ് നല്‍കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനു വേണ്ടി രജിനി തല മുണ്ടനം ചെയ്തതും വാര്‍ത്തയായിരുന്നു.


ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവു കൂടിയ ചിത്രമാണ് ശിവാജിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിലവു 100 കോടി വരുമെന്നാണ് അഭ്യൂഹം. അതില്‍ തന്നെ രജിനികാന്തിന്റെ പ്രതിഫലം 20 കോടി മുതല്‍ 40 കോടി വരെയാണെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് രജിനി തന്നെയാണെന്ന് ഉറപ്പിക്കാം. രജിനിക്ക് വേണ്ടി ചിലവാക്കുന്ന പണം ഒരു ഷുവര്‍ബെറ്റായാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ബാബയൊഴികെ രജിനിയുടേതായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പണം തിരിച്ചു പിടിച്ചവയാണ്. ശിവാജി വിജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയം ഉള്ളതായി തോന്നുന്നില്ല. ശിവാജിയുടെ വിതരണാവകാശം കേരളത്തില്‍ മൂന്നരക്കോടിക്കും ആന്ധ്രയില്‍ 14 കോടിക്കും ആണ് വിറ്റു പോയിരിക്കുന്നത്. കേരളത്തിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കു പോലും ലഭിക്കാത്ത സ്വീകരണമാണ് കഴിഞ്ഞ് ദിവസം ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോഴും അതിനു മുമ്പ് കാസറ്റ് റിലീസിംഗിനും കണ്ടത്. നാല്പതിനായിരത്തോളം സിഡികള്‍ കേരളത്തില്‍ മാത്രം വിറ്റഴിഞ്ഞു. ആദ്യ ദിവസങ്ങളിലേക്കുല്ല ടിക്കറ്റുകളും വിറ്റു തീര്‍ന്നു. മറ്റിടങ്ങളിലും സ്ഥിതി വിത്യസ്തമല്ല. സാധാരണ ചെന്നൈയില്‍ പത്തില്‍ താഴെ മാത്രം തീയറ്ററുകളില്‍ തമിഴ് സിനിമകള്‍ റിലീസ് ചെയ്യാറുള്ളപ്പോള്‍ ശിവാജി ചെന്നൈയിലെ പതിനെട്ട് തീയറ്ററുകളിലാണ് ഇറങ്ങൂന്നത്. എങ്കിലും ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ആയിരത്തിനും രണ്ടായിരത്തിനും പോലും ലഭിക്കാനില്ല. ശിവാജിയുടെ ട്രെയിലര്‍ ഇറങ്ങിയതും ഒരു പ്രത്യേകതയായിരുന്നു. തീയറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുകയായിരുന്നു. ട്രെയിലര്‍ കാണാന്‍ വേണ്ടി വന്ന രജിനി ആരാധകര്‍ മറ്റു സിനിമകള്‍ക്ക് ഗുണമായി.


ഇതിനെയെല്ലാം വെറും താരാരാധനയെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. സൌന്ദര്യമോ അഭിനയശേഷിയോ നേതൃപാടവമോ തന്ത്രങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ഇത്രയധികം ജനങ്ങളെ ഈ രീതിയില്‍ ആകര്‍ഷിക്കാന്‍ കഴിയുകയെന്നു പറയുന്നത് അവിശ്വസനീയം തന്നെയാണ്. ഒരു പക്ഷേ ലോകത്തൊരിടത്തും തന്നെ ഇത്തരമൊരു “പ്രതിഭാസം” കാണാന്‍ കഴിഞ്ഞെന്നു വരില്ല. പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളുമെല്ലാം ഈ രജിനി എഫക്റ്റിനെ കുറിച്ച് അടുത്തിടെ പരാമര്‍ശിച്ചിരുന്നു. നമുക്കിതെല്ലാം പതിവു പോലെ തമിഴന്റെ വിവരക്കേടായി കാണാം


വാല്‍ക്കഷണം : ട്രെയിലറില്‍ കണ്ട ഒരു രംഗം

രജിനി : യേ അമ്മാ എന്നെ കറുപ്പാ പെറ്റത്..

അമ്മ : വെളുപ്പാനാ അഴുക്കായിടുമെടാ.. അതുക്കു താന്‍ കറുപ്പാ പെറ്റത്..

Thursday, June 7, 2007

പരുത്തിവീരന്‍


സംവിധാനം : അമീര്‍
സംഗീതം : യുവന്‍ ശങ്കര്‍ രാജ
ഛായാഗ്രഹണം : രാംജി
അഭിനേതാക്കള്‍ : കാര്‍ത്തി, പ്രിയാമണി, ശരവണന്‍, പൊന്‍‌വണ്ണന്‍, ഗഞ്ചാകറുപ്പ്

സംവിധായകന്‍ അമീറിന്റെ മൂന്നാമത് ചിത്രമാണ് പരുത്തിവീരന്‍. മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലെ മണ്ണിന്റെ മണമുള്ള ഒരു കഥയാണ് അമീര്‍ ഇത്തവണ പറയുന്നത്. പ്രമുഖ താരങ്ങളൊന്നുമില്ലാതെ പഴയകാല നടന്‍ ശിവകുമാറിന്റെ മകനും യുവനടന്‍ സൂര്യയുടെ സഹോദരനുമായ കാര്‍ത്തിയേയും ഇതുവരെ നല്ല വേഷങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത പ്രിയാമണിയേയും മറ്റു അപ്രശസ്തരായ നടിനടന്മാരേയും അണിനിരത്തി റിയലിസ്റ്റിക് ആയി തന്നെയെടുത്തിരിക്കുന്ന ചിത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ പ്രധാന ബഹുമതിയും അമീറിനു സ്വന്തം.

പരിത്തിയിലെ പ്രമുഖ റൌഡികളാണ് വീരനും (കാര്‍ത്തി) ചിറ്റപ്പന്‍ ചെവ്വഴായിയും (ശരവണന്‍). വീരന്റെ ബാല്യകാല സഖിയായ "കറുപ്പാച്ചി" മുത്തഴഗിന് (പ്രിയാമണി) അവനെ ഇഷ്ടമാണെങ്കിലും അവന് അവളുടെ അച്ഛന്‍ കഴുഡിത്ത് തേവനുമായുള്ള (പൊന്‍‌വണ്ണന്‍) കുടുംബ വഴക്ക് മൂലം അവളോട് അത്ര അടുപ്പമില്ല. പക്ഷേ, വീരനു വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന മുത്തഴഗിന്റെ സ്നേഹത്തിനു മുന്നില്‍ അവന്‍ കീഴടങ്ങുന്നു. അതോടെ അവരുടെ സ്നേഹത്തിനു വിലങ്ങുതടിയായി മുത്തഴഗിന്റെ കുടുംബം വരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാന്‍ അവരുടെ സ്നേഹത്തിനാകുമോ എന്നത് സിനിമയിലെ സസ്പെന്‍സ്.

കഥ വളരെ മനോഹരമായി തന്നെ അമീര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലാഷ്‌ബാക്കുകളിലൂടെ പറയുന്ന കുടുംബവൈരത്തിന്റെ കഥയും വീരന്റേയും മുത്തഴഗിന്റേയും ചെറുപ്പകാലവുമെല്ലാം സിനിമയോട് ചേര്‍ന്നു തന്നെ നില്‍ക്കുന്നു. അഭിനേതാക്കളെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. എങ്കിലും ഏറ്റവും മികച്ചത് പ്രിയാമണി തന്നെ. സ്വയം ശബ്ദം നല്‍കി മേക്കപ്പില്ലാതെ അഭിനയിച്ച പ്രിയാമണിയുടെ വേഷം ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്നതാണ്. ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ കാര്‍ത്തിക്ക് കഴിഞ്ഞിട്ടുണ്ട്. ശരവണനും പൊന്‍‌വണ്ണനുമടക്കം മറ്റു നടീനടന്മാരെല്ലാം തന്നെ പരാമര്‍ശിക്കപെടേണ്ടവരാണ്. അഭിനേതാക്കള്‍ക്കെല്ലാം തന്നെ അവരവര്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

രാംജിയുടെ ക്യാമറ ഗ്രാമത്തിന്റെ ശാലീനതയും ഭംഗിയും രൌദ്രതയുമെല്ലാം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. യുവന്‍ശങ്കര്‍രാജയുടെ ഗാനങ്ങള്‍ ഇളയരാജയുടെ പഴയ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. തമിഴ് നാടോടിഗാനങ്ങളുടെ ചുവയുള്ള ഗാനങ്ങളെല്ലാം മികച്ചതാണ്.

ബാലയുടെ പിതാമഹനു ശേഷം തമിഴില്‍ വന്ന മികച്ച ചിത്രങ്ങളിലൊന്നാണ് പരുത്തിവീരന്‍.
എന്റെ റേറ്റിംഗ് : 4/5

Wednesday, June 6, 2007

ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല


സംവിധാനം : അപൂര്‍വ്വ ലാഖിയ
കഥ, തിരക്കഥ : അപൂര്‍വ്വ ലാഖിയ, സുരേഷ് നായര്‍
അഭിനേതാക്കള്‍ : അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, വിവേക് ഒബ്രോയ്, അഭിഷേക് ബച്ചന്‍, തുഷാര്‍ കപൂര്‍, നേഹ ധൂപിയ, ദിയ മിര്‍സ, അമൃത സിംഗ്

ലോഖണ്ട്‌വാലയിലെ ജനനിബിഡമായ ഒരു അപ്പാര്‍ട്ട്മെന്റില്‍ മുംബൈ പോലീസ് 1991-ല്‍ നടത്തിയ രക്തപൂരിതമായ ഒരു എന്‍‌കൌണ്ടറും അതിലേക്ക് വഴിവെച്ച സംഭവങ്ങളുമാണ് “ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല” യിലൂടെ സംവിധായകനായ അപൂര്‍വ്വ ലാഖിയ പറയുന്നത്. സത്യമായ ഊഹാപോഹങ്ങളെന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. പത്തു മിനിറ്റ് പോലും തികച്ച് കാണിക്കാനില്ലാത്ത ഒരു സംഭവമാണ് വലിച്ചു നീട്ടി സിനിമയാക്കിയിരിക്കുന്നത്.

ഷൂട്ടൌട്ടിനെ പറ്റിയും മുംബൈയിലെ അധോലോക സംഘങ്ങളേയും പറ്റി പ്രോസിക്യൂട്ടറായ ധീഗ്രയോട് (അമിതാഭ് ബച്ചന്‍) വിവരിക്കുന്നതിലൂടെയാണ് സിനിമ മുന്നേറുന്നത്. ഷൂട്ടൌട്ടിന് നേതൃത്വം നല്‍കിയവരാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ എഐജി ഷംഷീര്‍ ഖാന്‍ (സഞ്ജയ് ദത്ത്), എസ്‌ഐ കവിരാജ് പാട്ടീല്‍ (സുനില്‍ ഷെട്ടി) ഹെഡ് കോണ്‍സ്റ്റബിള്‍ ജാവേദ് ഷേഖ് (അര്‍ബാസ് ഖാന്‍), എന്നിവര്‍. അവര്‍ നേരിട്ട അഞ്ചംഗ സംഘത്തിലെ പ്രധാനികളാണ് മായ (വിവേക് ഒബ്രോയ്), ഭുവ (തുഷാര്‍ കപൂര്‍) എന്നിവര്‍. ഭായി എന്നറിയപ്പെടുന്ന അധോലോക നേതാവാണ് ദുബായില്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് (ദാവൂദ് ഇബ്രാഹിമില്ലാതെ ബോംബെ അധോലോകമില്ലല്ലോ). ഭായിയുമായി തെറ്റുന്ന മായയും സംഘവും ഖാന്റെയും കൂട്ടരുടേയും നോട്ടപുള്ളികളാകുന്നു. ഭായിയുടെ കൂടെ സഹായത്തോടെ അവരെ കണ്ടെത്തി ഷൂട്ടൌട്ടിലൂടെ കീഴടക്കുന്നു. ഖാന്റെ ഭാര്യ (നേഹ ധൂപിയ), ടിവി റിപ്പോര്‍ട്ടര്‍ മീത മാട്ടു (ദിയ മിര്‍സ), മായയുടെ അമ്മ ആയി (അമൃത സിംഗ്) തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന എസ്‌ഐ അഭിഷേക് മാത്രേ (അഭിഷേക് ബച്ചന്‍) എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. സിനിമ താരനിബിഡമാണെങ്കിലും സഞ്ജയ് ദത്തിനൊഴികെ വേറെയാര്‍ക്കും കാര്യമായ വേഷമില്ല. “തേരി മാം കി..” എന്ന് പറഞ്ഞാല്‍ മാത്രം തുഷാര്‍ കപൂറിന് ഒരു ഗുണ്ടയാവാന്‍ പറ്റില്ല. അതു പോലെ തന്നെ വിവേക് ഒബ്രോയ്, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ നിരാശപെടുത്തി. നടികളില്‍ ചെറു വേഷമാണെങ്കിലും ഒരു വിധം ഭേദമെന്നു പറയാവുന്നത് അമൃതാസിംഗ് മാത്രമാണ്. പൊതുവെ അതിഥി വേഷങ്ങളില്‍ കയ്യടി നേടാറുള്ള അഭിഷേക് ബച്ചന്‍ ഇതില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളെ അനുകരിക്കാനുള്ള വികല ശ്രമങ്ങള്‍ പലയിടത്തും കാണാം. ഗാനരംഗങ്ങള്‍ അതിനു നല്ല ഉദാഹരണമാണ്. ആരുടെ വശത്താണ് ന്യായം എന്ന് സിനിമ കാണുന്നവര്‍ക്ക് മനസ്സിലാക്കാനോ അനുമാനിക്കാനോ പറ്റാത്ത രീതിയിലാണ് കഥ മുന്നേറുന്നത്; അവസാനിക്കുന്നതും.

എന്റെ റേറ്റിംഗ് : 1.5/5

Friday, May 25, 2007

ഗോള്‍


സംവിധാനം : കമല്‍
അഭിനയം : രജിത് മേനോന്‍, അക്ഷ, മുക്ത, റഹ്മാന്‍, മുകേഷ്, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു
തിരക്കഥ : കലവൂര്‍ രവികുമാര്‍
സംഗീതം : വിദ്യാസാഗര്‍
ഗാനങ്ങള്‍ : വയലാര്‍ ശരചന്ദ്രവര്‍മ്മ
ഛായാഗ്രഹണം : പി സുകുമാര്‍


പുതുമുഖങ്ങളെ വെച്ച് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും പ്രേമവുമെല്ലാം ഇടകലര്‍ത്തി കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍. സ്പോര്‍ട്സിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കുറവേ ഇറങ്ങിയിട്ടൊള്ളൂവെങ്കില്‍ പോലും ചിത്രത്തിനു ഒരു പുതുമ നല്‍കാന്‍ കമലിനു കഴിഞ്ഞില്ല.

“പണക്കാരുടെ” സ്കൂളില്‍ ഫുട്ബോള്‍ കളിയിലെ അസാമാന്യ വൈഭവം കൊണ്ട് പ്രവേശനം ലഭിക്കുന്ന ആ സ്കൂളിലെ തന്നെ ഗ്രൌണ്ട്സ്‌മാനാണ് സാം (രജിത്ത് മേനോന്‍). അവിടത്തെ ഫുട്ബോള്‍ കോച്ചായ വിജയിന്റെ (റഹ്മാന്‍) ശിങ്കിടി കൂടിയാണ് സാം. അതേ സ്കുളിലെ വിദ്യാര്‍ത്ഥിനിയും വിജയിന്റെ സഹോദര(രി) പുത്രിയുമായ നീതുവിന് (അക്ഷ) സാമിനോടൊരു സോഫ്റ്റ് കോര്‍ണറുണ്ട്. സാമിന്റെ അച്ഛന്‍ (മുകേഷ്) പഴയൊരു പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ഇപ്പോള്‍ ഭാര്യയെ നഷ്ടപെട്ടതിനു ശേഷം തകര്‍ന്ന മാനസിക നിലയോടെ ജീവിക്കുന്ന ഒരാളുമാണ്. സ്കൂള്‍ കാന്റീനിലെ ജോലിക്കാരിയായ മറിയ (മുക്ത)യുടെ കുടുംബത്തോടൊപ്പമാണ് സാം താമസിക്കുന്നത്. സ്കൂളിലെ ഹെഡ് മിസ്ട്രസ്സായ മേരീ ലൂക്കോയ്ക്ക് സ്പോര്‍ട്സിനോട് വെറുപ്പാണെങ്കിലും പ്രിന്‍സിപ്പളിന്റെ (ക്യാപ്റ്റന്‍ രാജു) പ്രത്യേക താല്പര്യത്തിനു പുറത്താണ് സ്കൂളിലെ ഫുട്ബോള്‍ ടീം പതിവായി തോല്‍ക്കാറാണെങ്കിലും നിലനില്‍ക്കുന്നത്. ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ഫെലിക്സ് മയക്കു മരുന്ന് ഉപയോഗത്തിനു പുറത്തായി ഗുഡ് ഷെപ്പേര്‍ഡിന്റെ ഫുട്ബോള്‍ വൈരികളായ സെന്റ് സേവ്യേഴ്സില്‍ ചേരുന്നു. സാമിന്റെ ഫുട്‌ബോളിലുള്ള കഴിവു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം ഉപേക്ഷിച്ച അവനെ സ്കൂളിലെടുക്കുന്നു. ഇത്രയുമാകുമ്പോഴേക്കൂം ബാക്കിയിനിയെന്തെല്ലാമായിരിക്കുമെന്നു നമുക്കൂഹിക്കാം. അതില്‍ നിന്നും യാതൊരു വിത്യാസവുമില്ലാതെ സിനിമ അവസാനിക്കുകയും ചെയ്യും.

അഭിനേതാക്കളാരും തന്നെ പറയത്തക്ക അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ല. രജിത്തിനെ ഫുട്ബോള്‍ മികവിലാണ് സിനിമയിലെടുത്തതെന്നു തോന്നുന്നു. എങ്കിലും നായികയായ അക്ഷയും (രജിത്തിന്റെ കൂടെ കാണുമ്പോള്‍ അമ്മയോ മൂത്ത ചേച്ചിയോ ആണെന്നു തോന്നും) മുക്തയുമേക്കാള്‍ ഭേദം തന്നെ. റഹ്മാന്‍ മോശം പറയാന്‍ പറ്റില്ല. അതേ സമയം മുകേഷിന്റെ കഥാപാത്രം തികച്ചും അനാവശ്യമായാണ് തോന്നിയത്. തമാശ പറയാനായി കൊണ്ടു വന്നിരിക്കുന്ന സലിംകുമാറിന്റെ അധ്യാപകന്‍ പലപ്പോഴും അറുബോറാണ്.

ഫുട്ബോള്‍ രംഗങ്ങള്‍ ഒട്ടും തന്നെ ആവേശം പകരുന്നില്ലെന്നു മാത്രമല്ല അതിന്റെ ആധിക്യം ചിത്രത്തെ രസംകൊല്ലിയാക്കുന്നു. ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സുകുമാറിന്റെ ഛായാഗ്രഹണമാണ്. ഗാനങ്ങള്‍ നന്നല്ലെങ്കിലും അതു കൊണ്ട് തന്നെ ചിത്രീകരണം നന്നായിട്ടുണ്ട്.

കമലിനെ പോലൊരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്ന ചിത്രമല്ല ഗോള്‍.

എന്റെ റേറ്റിംഗ് : 1.5/5

Thursday, April 19, 2007

മൂവി ക്വിസ് - 3

1. നെടുമുടി വേണുവിന്റെ ഭാര്യയായി പാര്‍വതി അഭിനയിച്ച സിനിമകള്‍ (2)
ഉ: ദേവദാസ്, അനഘ
2. നെടുമുടി വേണുവിന്റെ ഭാര്യയായി ഉര്‍വ്വശി അഭിനയിച്ച സിനിമകള്‍ (2)
ഉ: സുഖമോ ദേവി, മൂന്നു മാസങ്ങള്‍ക്കു മുമ്പ്
3. കരമനയുടെ ഭാര്യയായി പാര്‍വതി അഭിനയിച്ച സിനിമ
ഉ: പൊന്മുട്ടയിടുന്ന താറാവ്
4. ശ്രീരാമന്റെ മകനായി തിലകന്‍ അഭിനയിച്ച സിനിമ
ഉ: കാട്ടുകുതിര
5. സംയുക്തവര്‍മ്മയും വിനീതും അഭിനയിച്ച സിനിമ
ഉ: സര്‍ഗ്ഗം
6. ഗീതു മോഹന്‍‌ദാസ് മോഹന്‍ലാലിനോടൊത്ത് അഭിനയിച്ച ആദ്യ ചിത്രം
ഉ: ഒന്നു മുതല്‍ പൂജ്യം വരെ
7. ബാലതാരമായിട്ടല്ലാതെ ഒരു നടി പൂര്‍ണമായും ആണ്‍‌വേഷത്തില്‍ അഭിനയിച്ച ചിത്രം; നടിയേത്
ഉ: പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കല്പന
8. നാരായണന്‍ നായരുടെ ഭാര്യയായി ഖുശ്‌ബു അഭിനയിച്ച സിനിമ
ഉ: അനുഭൂതി
9. ജഗന്നാഥ വര്‍മ്മയുടെ ഭാര്യയായി മോഹിനി അഭിനയിച്ച സിനിമ
ഉ: പരിണയം
10. ശ്രീവിദ്യയുടെ ഭര്‍ത്താവായി സായ്‌കുമാര്‍ അഭിനയിച്ച ചിത്രം
ഉ: ഛോട്ടാ മുംബൈ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ ഏതൊക്കെ സിനിമയിലേത് അവതരിപ്പിച്ചത് ആരൊക്കെ
11. ടെയിലര്‍ മണി
ഉ: ജഗദീഷ് - സേതുരാമയ്യര്‍ സി. ബി. ഐ.
12. കുവൈത്ത് കൊച്ചുണ്ണി
ഉ: ജഗദീഷ് - ഷാര്‍ജ റ്റു ഷാര്‍ജ
13. പുഷ്‌പുള്‍ രാഘവന്‍
ഉ: ജഗതി - കിരീടമില്ലാത്ത രാജാക്കന്മാര്‍
14. ജോര്‍ജ്ജ് കോര വെട്ടിക്കല്‍
ഉ: മമ്മൂട്ടി - തന്ത്രം
15. ജോസഫ് കൊല്ലപ്പള്ളി
ഉ: വേണു നാഗവള്ളി - യവനിക
16. കറന്റ് ഹംസ
ഉ: മോഹന്‍ലാല്‍ - പറയാനും വയ്യ പറയാതിരിക്കാനും വയ്യ
17. ലൈന്‍‌മാന്‍ ലോനപ്പന്‍
ഉ: മച്ചാന്‍ വര്‍ഗ്ഗീസ് - മീശ മാധവന്‍
18. ഉവ്വാച്ചു
ഉ: ശ്രീരാമന്‍ - കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍
19. വട്ടപ്പാറ പീതാംബരന്‍
ഉ: അഗസ്റ്റിന്‍ - കമ്മീഷണര്‍
20. മാത്യു നൈനാന്‍ കോശി
ഉ: മുകേഷ് - കൌതുകവാര്‍ത്തകള്‍

താഴെ പറയുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും പരാമര്‍ശിക്കപ്പെടുന്നവരാണ്. സിനിമകളേത്
21. അസ്ലി സായിപ്പ്
ഉ: മിന്നാരം
22. കോര സാര്‍
ഉ: ഒരു മറവത്തൂര്‍ കനവ്
23. നാരായണി
ഉ: മതിലുകള്‍
24. രഘു
ഉ: പിറവി
25. മാത്തുക്കുട്ടിച്ചായന്‍
ഉ: മനസ്സിനക്കരെ

ഉത്തരങ്ങള്‍ പറഞ്ഞവര്‍
കുട്ടിച്ചാത്തന്‍ - 17
RR - 16
കിരണ്‍ തോമസ് - 15.5
Jijo - 8
ഏറനാടന്‍ - 7
പൊന്നമ്പലം - 6
ഇളംതെന്നല്‍ - 4
ഗുണ്ടൂസ് - 2

Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍

സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5

Thursday, March 8, 2007

സിറ്റിസണ്‍ കെയിന്‍


സംവിധാനം : ഓര്‍സണ്‍ വെല്‍‌സ്
രചന : ഹെര്‍മന്‍ മാന്‍‌കെവിക്‍സ്, ഓര്‍സണ്‍ വെല്‍‌സ്
അഭിനേതാക്കള്‍ : ഓര്‍സണ്‍ വെല്‍‌സ്, ജോസഫ് കോട്ടെന്‍, ഡൊറോത്തി കോമിന്‍‌ഗോര്‍, റൂത്ത് വാരിക്
ഭാഷ : ഇംഗ്ലീഷ്
വര്‍ഷം : 1941

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തേയും മികച്ച നൂറു ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്നാമതായി വന്നത് സിറ്റിസണ്‍ കെയിന്‍ ആയിരുന്നു. 1941-ല്‍ ഇറങ്ങിയ ഈ ഓര്‍സണ്‍ വെല്‍‌സ് ചിത്രം ലോകസിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. സിനിമയിറങ്ങിയപ്പോള്‍ ബോക്സോഫീസില്‍ ഒരു പരാജയമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും എക്കാലത്തേയും മികച്ച ചിത്രമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ഇന്നു സിനിമാനിര്‍മ്മാണത്തില്‍ കാണുന്ന പല ടെക്നിക്കുകളും ആദ്യമായി ഉപയോഗിക്കപെട്ടത് സിറ്റിസണ്‍ കെയിനിലായിരുന്നു.

കോടീശ്വരനും മാദ്ധ്യമ ചക്രവര്‍ത്തിയുമായ ചാള്‍സ് ഫോസ്റ്റര്‍ കെയിനിന്റെ (ഓര്‍സണ്‍ വെല്‍‌സ്) കഥ പറയുന്ന സിനിമ അധികാരത്തിന്റേയും പണത്തിന്റേയും ശക്തിയും അപചയവും വെളിവാക്കുന്നു. ഏകനായ കെയിന്‍ സാനഡു എന്ന തന്റെ കൊട്ടാരസദൃശമായ മാളികയില്‍ വെച്ച് മരണപെടുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. “റോസ്‌ബഡ്” എന്നായിരുന്നു മരിക്കുന്നതിനു മുമ്പ് കെയിന്‍ അവസാനമായി ഉച്ചരിച്ച വാചകം. അതെന്താണ് ഉദ്ദേശിച്ചതെന്ന് പത്രപ്രവര്‍ത്തകനായ തോംസണ്‍ അന്ന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. കെയിനിനോട് കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരും ജീവിച്ചിട്ടുള്ളവരും അവരുടെ അനുഭവങ്ങള്‍ പറയുന്നത് ഫ്ലാഷ്‌ബാക്കായി കാണിക്കുന്നു. “റോസ്‌ബഡിന്റെ” അര്‍ത്ഥം കണ്ടെത്താനാവാതെ തോംസണ്‍ മടങ്ങുമ്പോള്‍ അത് പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ജീവിതത്തില്‍ എല്ലാം നേടി അവസാനം അതൊന്നുമല്ലെന്ന് മനസ്സിലാക്കുന്നതാണ് സിനിമയുടെ വിജയം. രണ്ട് തവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്യുന്ന കെയിന്‍ എല്ലാം തന്റെ ഇഷ്ടപ്രകാരം നടത്തുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികള്‍, രാഷ്ട്രീയത്തിലെ പരാജയം, സ്നേഹം കിട്ടാതിരിക്കുന്നത് തുടങ്ങിയവയെല്ലാം ജീവിതത്തില്‍ നേടിയ മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.

സിനിമയുടെ കഥയെക്കാളുപരി അതിന്റെ നിര്‍മ്മാണത്തിലാണ് സിറ്റിസണ്‍ കെയിന്‍ ശ്രദ്ധിക്കപെട്ടത്. നൂതനമായ പല ചിത്രീകരണ രീതികളും ആവിഷ്കരിക്കാന്‍ വെല്‍‌സിനു കഴിഞ്ഞു. വെല്‍‌സിന്റെ അഭിനയം മെത്തേഡ് ആക്ടിംഗിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്. മറ്റൊരു ശ്രദ്ധേയമായ സംഗതി ഇതില്‍ ചിത്രീകരണത്തിനുപയോഗിച്ചിരിക്കുന്ന ഡീപ് ഫോക്കസ് രീതിയാണ്. കാമറയുടെ റേഞ്ചില്‍ വരുന്നതിന്റെ പൂര്‍ണമായും ഒരേ സമയം ഫോക്കസില്‍ കൊണ്ടു വരുന്ന രീതിയാണത്. മറ്റൊരു ശ്രദ്ധേയമായ സംഗതിയാണ് കെയിനിന്റെ ആദ്യഭാര്യയുമായുള്ള ജീവിതം കാണിക്കുന്ന ഇതിലെ പ്രശസ്തമായ ബ്രേക്ക്ഫാസ്റ്റ് രംഗം ചിത്രീകരിച്ചിരിക്കുന്ന എപ്പിസോഡീക്ക് സിക്വെന്‍സ്. അതില്‍ കഥാപാത്രങ്ങള്‍ വേഷവും മേക്കപ്പും മാറി ഒരേ ലോക്കേഷനില്‍ തന്നെ ചിത്രീകരിച്ച് കാലം മാറുന്നത് തുടര്‍ച്ചയായി കാണിച്ചിരിക്കുന്നു. ഇതു പോലെ ധാരാളം “പുതുമകള്‍” നിറഞ്ഞ ഒന്നാണ് സിറ്റിസണ്‍ കെയിന്‍.

അക്കാലത്ത് മാധ്യമ രംഗത്തെ പ്രമുഖനായിരുന്ന വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റിന്റെ ജീവിതം ആസ്പദമാക്കിയാണ് ഇതിന്റെ കഥ രചിച്ചിരിക്കുന്നത്. ഇതിഷ്ടപ്പെടാതിരുന്ന ഹേര്‍സ്റ്റ് സിനിമയെ തകര്‍ക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക്കയും അതിന്‍ ഫലമായി ചിത്രം പരാജയപ്പെടുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി വാഴ്ത്തപ്പെടുകയുമായാണ് ഉണ്ടായത്. ഇന്ന് ഹേര്‍സ്റ്റിനെ പറ്റി പറയുമ്പോള്‍ സിറ്റിസണ്‍ കെയിന്‍ പരാമര്‍ശിക്കപ്പെടുന്നുവെന്നത് ഒരു ചരിത്രനീതിയായി കാണാം.

Tuesday, March 6, 2007

വോള്‍വര്‍ (ബോള്‍ ‍ബെര്‍)


രചന, സംവിധാനം : പെഡ്രോ അല്‍മൊദവര്‍
ഭാഷ : സ്പാനിഷ്
അഭിനേതാക്കള്‍ : പെന്‍ലോപ് ക്രൂസ്, കാര്‍മെന്‍ മൌറ, ലോല ഡ്യുനസ്, യൊഹാന കോബൊ, ബ്ലാങ്ക പോര്‍ടിലൊ

പോയ വര്‍ഷം ഫിലിം ഫെസ്റ്റിവലുകളിലെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു സ്പാനിഷ് സംവിധായകനായ പെഡ്രോ അല്‍മൊദവറുടെ വോള്‍വര്‍. നിരവധി അവാര്‍ഡുകളും നോമിനേഷനുകളും നേടിയ വോള്‍വര്‍ ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരുടെ പ്രശംസ കരസ്ഥമാക്കി.

വോള്‍വര്‍ എന്നാല്‍ സ്പാനിഷ് ഭാഷയില്‍ തിരിച്ചു വരവ് എന്നാണര്‍ത്ഥം. മരിച്ചുപോയെന്നു കരുതിയ അമ്മയുടെ തിരിച്ചു വരവും കുടുംബജീവിതത്തിലെ അപസ്വരങ്ങളും അസ്വാരസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്. പൂര്‍ണമായും ഒരു സ്ത്രീപക്ഷ ചലചിത്രമാണ് വോള്‍വര്‍. കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് ഇതിലെ ആറു നടികള്‍ പങ്കിടുകയായിരുന്നു.

റൈമുണ്ടയുടെ (പെന്‍ലോപ് ക്രൂസ്) മാതാപിതാക്കള്‍ ഒരു തീപിടിത്തത്തില്‍ മരണപെട്ടതാണ്. അവള്‍ മദ്യപാനിയായ ഭര്‍ത്താവും മകള്‍ പൌളയുമൊത്ത് (യൊഹാന കോബൊ) താമസിക്കുന്നു. റൈമുണ്ടയുടെ സഹോദരിയാണ് സോള്‍ (ലോല ഡ്യുനാസ്). പൌള അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനെ കുത്തികൊല്ലുന്നു. റൈമുണ്ട മകളെ സംരക്ഷിക്കുകയെന്നത് തന്റെ ദൌത്യമായി കരുതി മൃതശരീരം ഒളിപ്പിക്കുന്നു. മാതൃസഹോദരിയുടെ ശവമടക്കിനു പോകുന്ന് സോള്‍ അവിടെ വെച്ച് സ്വന്തം അമ്മയായ ഐറീന്റെ (കാര്‍മെന്‍ മൌറ) “പ്രേതത്തിനെ” കാണുന്നു. സോളിന്റെ കൂടെ വരുന്ന ഐറീന്‍ അവളുടെ വീട്ടില്‍ റഷ്യക്കാരിയായ സഹായിയായി ഒളിച്ചു താമസിക്കുന്നു.

ഐറീന്‍ എന്തിന് റൈമുണ്ടയെ ഒളിക്കുന്നു, തീപിടിത്തം എങ്ങിനെ സംഭവിച്ചു, തുടങ്ങി മനസ്സില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരുന്നതാണ് സിനിമയുടെ അവസാനം. തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ രസകരമായി കഥ പറഞ്ഞിട്ടുണ്ട്. പെന്‍ലോപ് ക്രൂസിന്റെ ഏറ്റവും മികച്ച പ്രകടനമാണിതിലുള്ളത്. ഹോളിവുഡില്‍ നല്ല വേഷങ്ങളൊന്നും ലഭിക്കാതിരുന്ന ക്രൂസിന് തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കിയിരിക്കുന്നു. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട മറ്റൊരാള്‍ കാര്‍മെന്‍ മൌറയാണ്.

ഹാസ്യത്തിലൂടെയാണെങ്കിലും വളരെ പ്രധാനപെട്ട ഒരു വിഷയം കാര്യഗൌരവത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കഴിഞ്ഞാലും മനസ്സില്‍ അത് തങ്ങിനില്‍ക്കുന്നത് അല്‍മൊദവറുടെ വിജയം തന്നെ. മനോഹരമായൊരു കഥയും രസകരമായ സംഭാഷണങ്ങളും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും തികഞ്ഞ സംവിധാനമികവും ഉള്ള വോള്‍വര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.


എന്റെ റേറ്റിംഗ് : 4.5/5

Tuesday, February 27, 2007

പച്ചക്കിളി മുത്തുച്ചരം


രചന, സംവിധാനം : ഗൌതം മേനോന്‍
നിര്‍മ്മാണം : ഓസ്കാര്‍ രവിചന്ദ്രന്‍
അഭിനേതാക്കള്‍ : ശരത്കുമാര്‍, ജ്യോതിക, മിലിന്ദ് സോമന്‍, ആഡ്രിയ
സംഗീതം : ഹാരിസ് ജയരാജ്
ഛായഗ്രഹണം : അരവിന്ദ് കൃഷ്ണ


കാക്ക കാക്കയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗൌതം മേനോന്‍ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പച്ചക്കിളി മുത്തുച്ചരം. ശരത്കുമാര്‍, ജ്യോതിക, ആഡ്രിയ, മിലിന്ദ് സോമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഗൌതമിന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമോ ജനപ്രീതിയോ ഇതിനു നേടാന്‍ കഴിഞ്ഞില്ല.

ജെയിംസ് സീഗളിന്റെ ഡീറെയില്‍ഡ് എന്ന നോവലിനെ ആധാരമാക്കിയാണ് ഗൌതം ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്ലൈവ് ഓവനും ജെന്നിഫര്‍ അനിസ്റ്റണും ചേര്‍ന്നഭിനയിച്ച് ഇതേ പേരില്‍ ഒരു ഹോളിവുഡ് ചിത്രവും ഇറങ്ങിയിരുന്നു. ഏതായാലും സത്യം തുറന്നു പറഞ്ഞത് അഭിനന്ദനീയം തന്നെ.

മെഡിക്കല്‍ റെപ്പായ വെങ്കിടേഷിന്റെ (ശരത്കുമാര്‍) ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഏകമകനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ കല്യാണിക്ക് (ആഡ്രിയ) വെങ്കിയുടെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നു. ട്രെയിന്‍ യാത്രയില്‍ വെച്ച് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഗീതയെ (ജ്യോതിക) വെങ്കി പരിചയപ്പെടുന്നു. അടുപ്പം വര്‍ദ്ധിച്ച് ഒരു ദിവസം ഓഫീസില്‍ പോകാതെ രണ്ടു പേരും ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുന്നു. അവിടെയെത്തുന്ന വില്ലനായ ലോറന്‍സ് (മിലിന്ദ് സോമന്‍) ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലെന്നു മനസ്സിലാക്കുകയും തുടര്‍ന്ന് വെങ്കിടേഷിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളോടെയാണ് സിനിമ വികസിക്കുന്നത്.

സിനിമയുടെ ആദ്യപകുതി വിരസമാണ്. പകുതിക്ക് ഇറങ്ങിപ്പോയാലോയെന്നു തോന്നിക്കുമാറ് വലിച്ചു നീട്ടിയിരിക്കുന്നു. കഥാന്ത്യം പ്രതീക്ഷിച്ചതു പോലെ തന്നെയാകുമോയെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിടിച്ചു നിര്‍ത്തിയത്. പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല. എങ്കിലും സസ്പെന്‍സ് മോശമായില്ല എന്നു പറയാം. രണ്ടാം പകുതി കുറച്ചു കൂടി ചടുലമാണ്.

ചുരുക്കി പറയേണ്ടിയിരുന്ന കഥ വലുതാക്കിയതിന്റെ പോരായ്മകള്‍ പലയിടത്തും പ്രകടമാണ്. എങ്കിലും ഗൌതമിന്റെ സംവിധായക മികവ് ദൃശ്യമാകുന്ന രംഗങ്ങളുമുണ്ട്. കൊലപാതകങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോഴും പോലീസ് ഒരിക്കലും രംഗത്ത് വരാത്തത് അവിശ്വസനീയമാണ്.

അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. മിതാഭിനയം കാഴ്ച വെച്ച ശരതിന്റെ മികച്ച വേഷങ്ങളിലൊന്നാണിത്. ജ്യോതികയും നല്ല പ്രകടനം നടത്തിയിരിക്കുന്നു. തമിഴില്‍ ആദ്യമായി വരുന്ന് മിലിന്ദ് സോമന്‍ ഗൌതമിന്റെ മുന്‍‌ചിത്രങ്ങളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്നെങ്കിലും മോശമാക്കിയിട്ടില്ല. ഗായികയായി വന്ന (കണ്ണും കണ്ണും നോക്കിയ, കര്‍ക്ക കര്‍ക്ക) ആഡ്രിയയുടെയും ആദ്യ സിനിമയാണിത്.

ഹാരിസ് ജയരാജിന്റെ സംഗീതം ഗാനങ്ങളെ മനോഹരമാക്കിയെങ്കിലും ചിത്രീകരണം നന്നായില്ല. പാശ്ചാത്തല സംഗീതം പലപ്പോഴും അസഹനീയമാണ്. ഉനക്കുള്‍ നാന്‍ എന്ന ഗാനം വേട്ടൈയാട് വിളൈയാടിലെ ഉയിരിലെ എന്ന ഗാനത്തിന്റെ സ്മരണകളുണര്‍ത്തുന്നു. അരവിന്ദ് കൃഷ്ണയുടെ ക്യമറ ഭേദമെന്നേ പറയാന്‍ പറ്റൂ.

മുന്‍‌ധാരണകളില്ലാതെ വന്നാല്‍ ഒരു മിനിമം ഗ്യാരണ്ടി പടം തന്നെ.

എന്റെ റേറ്റിംഗ് : 2.5/5

Tuesday, February 13, 2007

മൂവി ക്വിസ് - 2

താഴെ പറയുന്ന കഥാപാത്രങ്ങള്‍ ഏതൊക്കെ സിനിമയിലേത് അവതരിപ്പിച്ചത് ആരൊക്കെ


1. കീനേരി അച്ചു
കണ്‍കെട്ട് - മാമുക്കോയ
2. കാരക്കൂട്ടില്‍ ദാസന്‍
‍ഗോളാന്തരവാര്‍ത്തകള്‍ - ശ്രീനിവാസന്‍
3. മീശയില്ലാ വാസു
മഴവില്‍ക്കാവടി - പറവൂര്‍ ഭരതന്‍
4. ചക്കച്ചാപറമ്പില്‍ ജോയ്
ഫ്രണ്ട്സ് - ശ്രീനിവാസന്‍
5. പച്ചക്കുളം വാസു
കോട്ടയം കുഞ്ഞച്ചന്‍ - കൃഷ്ണന്‍‌കുട്ടി നായര്‍
‍6. തേങ്ങാ ഗോവിന്ദപിള്ള
പൂച്ചക്കൊരു മൂക്കുത്തി - സി ഐ പോള്‍
7. ഗര്‍വാസീസാശാന്
‍മാന്നാര്‍ മത്തായി സ്പീക്കിംഗ് - ജനാര്‍ദനന്‍
8. ഓമല്ലൂര്‍ സദാശിവനന്‍
‍ധ്വനി - ഉമ്മര്‍
9. സ്കഡ് കുട്ടപ്പന്‍
‍ഗാന്ധാരി - ജഗതി
10. മയ്യനാട് മാധവന്‍
‍ചെപ്പടി വിദ്യ - ശ്രീനിവാസന്‍
11. ഇരുമ്പ് ജോണ്‍
‍വിയറ്റ്നാം കോളനി - ഭീമന്‍ രഘു
12. പച്ചാളം പാപ്പച്ചന്‍
‍കാസര്‍കോഡ് കാദര്‍ഭായ് - ശങ്കരാടി
13. ചൂടന്‍ രാമചന്ദ്രന്‍
‍ചെപ്പ് - മോഹന്‍ലാല്‍
14. തിരുമുറ്റത്ത് കൊച്ചുതോമ
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ - തിലകന്‍
15. ഹിച്ച്കോക്ക് കഞ്ഞിക്കുഴി
നമ്പര്‍ 20 മദ്രാസ് മെയില്‍ - രാജു
16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ്
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു - ജഗതി
17. ചാള മേരി
കിഴക്കന്‍ പത്രോസ് - ഉര്‍വ്വശി
18. ഗുണ്ടൂര്‍ പാര്‍വ്വതി
കുടുംബ കോടതി - കല്പന
19. തവള ഭാസ്കരന്‍
‍ഗ്രാമഫോണ്‍ - സലിംകുമാര്‍
20. മുള്ളാണി പപ്പന്‍
മീശ മാധവന്‍ - മാള
21. കാരിക്കാമുറി ഷണ്മുഖന്‍
‍ബ്ലാക്ക് - മമ്മൂട്ടി
22. ധിംധി മത്തായി
ഫാന്റം - ലാലു അലക്സ്
23. കുരുടാംമണ്ടില്‍ ശശി
നയം വ്യക്തമാക്കുന്നു - ജഗദീഷ്
24. യശ്വന്ത് സഹായ്
സന്ദേശം - ഇന്നസെന്റ്
25. കള്ളന്‍ കൃഷ്ണന്‍
പ്രാദേശിക വാര്‍ത്തകള്‍ - ജനാര്‍ദ്ദനന്‍
26. കോക്കസ് സലിം
സ്ഥലത്തെ പ്രധാന പയ്യന്‍സ് - ജഗതി
27. പാളയം മുരുകന്‍
അസുരവംശം - മനോജ് കെ ജയന്‍
28. മൂലങ്കുഴിയില്‍ സഹദേവന്
‍സി ഐ ഡി മൂസ - ദിലീപ്
29. നത്ത് നാരായണന്‍
കനല്‍ക്കാറ്റ് - മമ്മൂട്ടി
30. പുഷ്‌പുള്‍ രാഘവന്‍
കിരീടമില്ലാത്ത രാജാക്കന്മാര്‍ - ജഗതി

ഉത്തരങ്ങള്‍ പറഞ്ഞവര്‍
kumar © - 29
ശ്രീജിത്ത്‌ കെ - 25.5
കണ്ണൂസ്‌ - 19.5
തമനു - 16.5
Rejith - 11.5
സിദ്ധാര്‍ത്ഥന്‍ - 14
പൊടിക്കുപ്പി - 9.5
അരവിന്ദ് :: aravind - 9
ഏറനാടന്‍ - 6ദിവ (d.s.) - 5
RR - 5കൃഷ്‌ krish - 5
രാജീവ് :: rajeev - 1

Monday, January 29, 2007

മൂവി ക്വിസ് - 1

1. മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍ അഭിനയിച്ച പടം
ഉ: പടയോട്ടം
2. മമ്മൂട്ടിയുടെ മകനായി മനോജ് കെ ജയന്‍ അഭിനയിച്ച പടം
ഉ: പാളയം
3. മോഹന്‍ലാലിന്റെ മകനായി നെടുമുടി വേണു അഭിനയിച്ച പടം
ഉ: അങ്കിള്‍ ബണ്‍
4. സത്യന്റെ മകനായി മോഹന്‍ലാല്‍ അഭിനയിച്ച പടം
ഉ: കടത്തനാടന്‍ അമ്പാടി
5. സിദ്ദീഖിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം
ഉ: സൂര്യമാനസം
6. സിദ്ദീഖിന്റെ മകളായി മഞ്ജു വാര്യര്‍ അഭിനയിച്ച പടം
ഉ: കണ്ണെഴുതി പൊട്ടും തൊട്ട്
7. മമ്മൂട്ടിയുടെ മകളായി കാര്‍ത്തിക അഭിനയിച്ച പടം
ഉ: കരിയിലക്കാറ്റു പോലെ
8. മമ്മൂട്ടിയുടെ മകളായി മോനിഷ അഭിനയിച്ച പടം
ഉ: സായം സന്ധ്യ
9. സുരേഷ് ഗോപിയുടെ മകളായി മഞ്ജു വാര്യര്‍ അഭിനയിച്ച പടം
ഉ: സാക്ഷ്യം
10. സുകുമാരന്റെ മകനായി പൃഥിരാജ് അഭിനയിച്ച പടം
ഉ: നന്ദനം, ക്ലാസ്‌മേറ്റ്സ്
11. ലാലു അലക്സിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം
ഉ: ക്രോണിക് ബാച്ചിലര്‍
12. മമ്മൂട്ടിയുടെ സഹോരനായി മോഹന്‍ലാല്‍ അഭിനയിച്ച പടം
ഉ: ലക്ഷ്മണ രേഖ
13. സത്യനും മമ്മൂട്ടിയും അഭിനയിച്ചിട്ടുള്ള പടം
ഉ: അനുഭവങ്ങള്‍ പാളിച്ചകള്‍
14. മമ്മൂട്ടിയുടെ ഭാര്യയായി ശ്രീവിദ്യ അഭിനയിച്ച പടം
ഉ: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്
15. മമ്മൂട്ടിയുടെ ഭാര്യയായി കെ.പി.എ.സി. ലളിത അഭിനയിച്ച പടം
ഉ: കനല്‍ക്കാറ്റ്
16. കാവ്യ മാധവന്‍ മഞ്ജു വാര്യരുടെ അനിയത്തിയായി അഭിനയിച്ച പടം
ഉ: ഇരട്ടക്കുട്ടികളുടെ അച്ഛന്‍
17. കാവ്യ മാധവനും ദിവ്യ ഉണ്ണിയും അഭിനയിച്ച പടം
ഉ: പൂക്കാലം വരവായി
18. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച പടം
ഉ: മനു അങ്കിള്‍
19. റഹ്‌മാന്‍ ശോഭനയുടെ സഹോദരനായി അഭിനയിച്ച പടം
ഉ: ഇത്തിരിപ്പൂവേ ചുവന്ന പൂവേ
20. മമ്മൂട്ടിയുടെ അളിയനായി മോഹന്‍ലാല്‍ അഭിനയിച്ച പടങ്ങള്‍ (2)
ഉ: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അവിടത്തെ പോലെ ഇവിടെയും


ഉത്തരങ്ങള്‍ പറഞ്ഞവര്‍
‍കണ്ണൂസ് - 8
അനിയന്‍സ് - 4
അരവിന്ദ് - 3
കൃഷ് - 1
ബിരിയാണിക്കുട്ടി - 1
സൂ - 1
പൊന്നപ്പന്‍ - 1
പൊടിക്കുപ്പി - 1