Friday, May 25, 2007

ഗോള്‍


സംവിധാനം : കമല്‍
അഭിനയം : രജിത് മേനോന്‍, അക്ഷ, മുക്ത, റഹ്മാന്‍, മുകേഷ്, സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു
തിരക്കഥ : കലവൂര്‍ രവികുമാര്‍
സംഗീതം : വിദ്യാസാഗര്‍
ഗാനങ്ങള്‍ : വയലാര്‍ ശരചന്ദ്രവര്‍മ്മ
ഛായാഗ്രഹണം : പി സുകുമാര്‍


പുതുമുഖങ്ങളെ വെച്ച് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും പ്രേമവുമെല്ലാം ഇടകലര്‍ത്തി കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍. സ്പോര്‍ട്സിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കുറവേ ഇറങ്ങിയിട്ടൊള്ളൂവെങ്കില്‍ പോലും ചിത്രത്തിനു ഒരു പുതുമ നല്‍കാന്‍ കമലിനു കഴിഞ്ഞില്ല.

“പണക്കാരുടെ” സ്കൂളില്‍ ഫുട്ബോള്‍ കളിയിലെ അസാമാന്യ വൈഭവം കൊണ്ട് പ്രവേശനം ലഭിക്കുന്ന ആ സ്കൂളിലെ തന്നെ ഗ്രൌണ്ട്സ്‌മാനാണ് സാം (രജിത്ത് മേനോന്‍). അവിടത്തെ ഫുട്ബോള്‍ കോച്ചായ വിജയിന്റെ (റഹ്മാന്‍) ശിങ്കിടി കൂടിയാണ് സാം. അതേ സ്കുളിലെ വിദ്യാര്‍ത്ഥിനിയും വിജയിന്റെ സഹോദര(രി) പുത്രിയുമായ നീതുവിന് (അക്ഷ) സാമിനോടൊരു സോഫ്റ്റ് കോര്‍ണറുണ്ട്. സാമിന്റെ അച്ഛന്‍ (മുകേഷ്) പഴയൊരു പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ഇപ്പോള്‍ ഭാര്യയെ നഷ്ടപെട്ടതിനു ശേഷം തകര്‍ന്ന മാനസിക നിലയോടെ ജീവിക്കുന്ന ഒരാളുമാണ്. സ്കൂള്‍ കാന്റീനിലെ ജോലിക്കാരിയായ മറിയ (മുക്ത)യുടെ കുടുംബത്തോടൊപ്പമാണ് സാം താമസിക്കുന്നത്. സ്കൂളിലെ ഹെഡ് മിസ്ട്രസ്സായ മേരീ ലൂക്കോയ്ക്ക് സ്പോര്‍ട്സിനോട് വെറുപ്പാണെങ്കിലും പ്രിന്‍സിപ്പളിന്റെ (ക്യാപ്റ്റന്‍ രാജു) പ്രത്യേക താല്പര്യത്തിനു പുറത്താണ് സ്കൂളിലെ ഫുട്ബോള്‍ ടീം പതിവായി തോല്‍ക്കാറാണെങ്കിലും നിലനില്‍ക്കുന്നത്. ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ഫെലിക്സ് മയക്കു മരുന്ന് ഉപയോഗത്തിനു പുറത്തായി ഗുഡ് ഷെപ്പേര്‍ഡിന്റെ ഫുട്ബോള്‍ വൈരികളായ സെന്റ് സേവ്യേഴ്സില്‍ ചേരുന്നു. സാമിന്റെ ഫുട്‌ബോളിലുള്ള കഴിവു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം ഉപേക്ഷിച്ച അവനെ സ്കൂളിലെടുക്കുന്നു. ഇത്രയുമാകുമ്പോഴേക്കൂം ബാക്കിയിനിയെന്തെല്ലാമായിരിക്കുമെന്നു നമുക്കൂഹിക്കാം. അതില്‍ നിന്നും യാതൊരു വിത്യാസവുമില്ലാതെ സിനിമ അവസാനിക്കുകയും ചെയ്യും.

അഭിനേതാക്കളാരും തന്നെ പറയത്തക്ക അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ല. രജിത്തിനെ ഫുട്ബോള്‍ മികവിലാണ് സിനിമയിലെടുത്തതെന്നു തോന്നുന്നു. എങ്കിലും നായികയായ അക്ഷയും (രജിത്തിന്റെ കൂടെ കാണുമ്പോള്‍ അമ്മയോ മൂത്ത ചേച്ചിയോ ആണെന്നു തോന്നും) മുക്തയുമേക്കാള്‍ ഭേദം തന്നെ. റഹ്മാന്‍ മോശം പറയാന്‍ പറ്റില്ല. അതേ സമയം മുകേഷിന്റെ കഥാപാത്രം തികച്ചും അനാവശ്യമായാണ് തോന്നിയത്. തമാശ പറയാനായി കൊണ്ടു വന്നിരിക്കുന്ന സലിംകുമാറിന്റെ അധ്യാപകന്‍ പലപ്പോഴും അറുബോറാണ്.

ഫുട്ബോള്‍ രംഗങ്ങള്‍ ഒട്ടും തന്നെ ആവേശം പകരുന്നില്ലെന്നു മാത്രമല്ല അതിന്റെ ആധിക്യം ചിത്രത്തെ രസംകൊല്ലിയാക്കുന്നു. ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സുകുമാറിന്റെ ഛായാഗ്രഹണമാണ്. ഗാനങ്ങള്‍ നന്നല്ലെങ്കിലും അതു കൊണ്ട് തന്നെ ചിത്രീകരണം നന്നായിട്ടുണ്ട്.

കമലിനെ പോലൊരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്ന ചിത്രമല്ല ഗോള്‍.

എന്റെ റേറ്റിംഗ് : 1.5/5