Tuesday, September 23, 2008

റോക്ക് ഓണ്‍


കഥ, സംവിധാനം : അഭിഷേക് കപൂര്‍
സംഗീതം : ശങ്കര്‍-എഹ്സാന്‍-ലോയ്
ഗാനങ്ങള്‍ : ജാവേദ് അക്തര്‍
ഛായാഗ്രഹണം : ജാസണ്‍ വെസ്റ്റ്
അഭിനേതാക്കള്‍ : ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, പുരാബ് കോഹ്‌ലി, ല്യൂക്ക് കെന്നി, പ്രാചി ദേശായി, സഹാന ഗോസ്വാമി
റോക്ക് ഓണ്‍ എന്ന ചിത്രം ശ്രദ്ധ നേടാനുണ്ടായ ഒരു കാരണം സംവിധായകനായ ഫര്‍ഹാന്‍ അക്തര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു. അഭിഷേക് കപൂറിന്റെ രണ്ടാമത്തെ ചിത്രമായ റോക്ക് ഓണ്‍ ഇന്ത്യയിലെ ആദ്യത്തെ റോക്ക് മൂവി ആണെന്ന് പറയാം. ഉടക്കി പിരിഞ്ഞ ഒരു റോക്ക് ബാന്‍ഡിലെ അംഗങ്ങള്‍ പത്ത് വര്‍ഷത്തിനു ശേഷം കൂടിച്ചേരുന്നതാണ് കഥ.

ആദിത്യ (ഫര്‍ഹാന്‍), ജോ (അര്‍ജുന്‍ രാംപാല്‍), റോബ് (ല്യൂക്ക് കെന്നി), കില്ലര്‍ ഡ്രമ്മര്‍ എന്ന കെ ഡി(പുരാബ് കോഹ്‌ലി) എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്നുണ്ടാക്കിയ മുംബയിലെ ഒരു റോക്ക് ബാന്‍ഡാണ് മാജിക്(Majik). ഈഗോ പ്രശ്നത്തില്‍ പിരിയുന്ന ഇവരെ പത്ത് വര്‍ഷത്തിനു ശേഷം കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ജോ കാമുകിയാ‍യ ഡെബ്ബിയെ (സഹാന ഗോസ്വാമി) വിവാഹം ചെയ്തു ഒരു കുട്ടിയുമായി പരാധീനതകളോടെ കഴിയുന്നു. റോബ് അനു മാലിക്കിന്റെ അസിസ്റ്റന്റാണ്. കെ ഡി അച്ഛന്റെ ബിസിനസില്‍ സഹായിക്കുന്നു. ആദിത്യ സമ്പന്നനായ ഒരു ബാങ്കറാണ്. യാദൃശ്ചികമായി ആദിത്യയുടെ പഴയ ബാന്‍ഡിനെ പറ്റി അറിയുന്ന ഭാര്യ സാക്ഷി (പ്രാചി ദേശായി) അവരുടെ റീയൂണിയനു നിമിത്തമാകുന്നു.

പലപ്പോഴും വലിയുന്നുണ്ടെങ്കിലും തികച്ചും പ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളുമാണെങ്കിലും അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ അഭിനയവും മികച്ച സംവിധാനവുമെല്ലാം സിനിമയെ ആകര്‍ഷകമാക്കുന്നു. “പുതുമുഖമായ” ഫര്‍ഹാന്‍ മികച്ച അഭിനേതാവ് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു. മറ്റുള്ളവരില്‍ എടുത്തു പറയേണ്ടത് പുരാബും സഹാനയുമാണ്. ചിത്രത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ മിക്കതും പുരാബിന്റെ വകയാണ്.


തൊണ്ണൂറുകളിലെ റോക്ക് മോഡല്‍ സംഗീതം ആണ് ശങ്കര്‍-എഹ്സാന്‍-ലോയ് ഉപയോഗിച്ചിരിക്കുന്നത്. ജാവേദ് അക്തറുടെ വരികള്‍ വലിയ അര്‍ത്ഥമൊന്നും തോന്നിക്കില്ലെങ്കിലും ചിത്രത്തിനു യോജിക്കുന്നവ തന്നെ. കൈ തട്ടി ഗ്ലാസ്സ് മറിയുമ്പോള്‍ അതു വെച്ചു ഗാനമുണ്ടാക്കുന്നതും കാണിക്കുന്നുണ്ട്. മിക്കവാറും ഗാനങ്ങളും പാടിയിരിക്കുന്നത് ഫര്‍ഹാന്‍ തന്നെയാണ്. മികവ് പറയാന്‍ പറ്റില്ലെങ്കിലും വ്യത്യസ്തമായ ശബ്ദം ഗാനങ്ങളെ ശ്രദ്ധേയമാക്കുന്നു.
ലിവ് യുവര്‍ ഡ്രീം എന്ന ടാഗോടെ വരുന്ന സിനിമ സ്വപ്ന സാക്ഷാത്കാരത്തിനു പ്രേരണ നല്‍കിയില്ലെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാം
എന്റെ റേറ്റിംഗ് : 3/5