Thursday, March 8, 2007

സിറ്റിസണ്‍ കെയിന്‍


സംവിധാനം : ഓര്‍സണ്‍ വെല്‍‌സ്
രചന : ഹെര്‍മന്‍ മാന്‍‌കെവിക്‍സ്, ഓര്‍സണ്‍ വെല്‍‌സ്
അഭിനേതാക്കള്‍ : ഓര്‍സണ്‍ വെല്‍‌സ്, ജോസഫ് കോട്ടെന്‍, ഡൊറോത്തി കോമിന്‍‌ഗോര്‍, റൂത്ത് വാരിക്
ഭാഷ : ഇംഗ്ലീഷ്
വര്‍ഷം : 1941

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തേയും മികച്ച നൂറു ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്നാമതായി വന്നത് സിറ്റിസണ്‍ കെയിന്‍ ആയിരുന്നു. 1941-ല്‍ ഇറങ്ങിയ ഈ ഓര്‍സണ്‍ വെല്‍‌സ് ചിത്രം ലോകസിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. സിനിമയിറങ്ങിയപ്പോള്‍ ബോക്സോഫീസില്‍ ഒരു പരാജയമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും എക്കാലത്തേയും മികച്ച ചിത്രമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ഇന്നു സിനിമാനിര്‍മ്മാണത്തില്‍ കാണുന്ന പല ടെക്നിക്കുകളും ആദ്യമായി ഉപയോഗിക്കപെട്ടത് സിറ്റിസണ്‍ കെയിനിലായിരുന്നു.

കോടീശ്വരനും മാദ്ധ്യമ ചക്രവര്‍ത്തിയുമായ ചാള്‍സ് ഫോസ്റ്റര്‍ കെയിനിന്റെ (ഓര്‍സണ്‍ വെല്‍‌സ്) കഥ പറയുന്ന സിനിമ അധികാരത്തിന്റേയും പണത്തിന്റേയും ശക്തിയും അപചയവും വെളിവാക്കുന്നു. ഏകനായ കെയിന്‍ സാനഡു എന്ന തന്റെ കൊട്ടാരസദൃശമായ മാളികയില്‍ വെച്ച് മരണപെടുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. “റോസ്‌ബഡ്” എന്നായിരുന്നു മരിക്കുന്നതിനു മുമ്പ് കെയിന്‍ അവസാനമായി ഉച്ചരിച്ച വാചകം. അതെന്താണ് ഉദ്ദേശിച്ചതെന്ന് പത്രപ്രവര്‍ത്തകനായ തോംസണ്‍ അന്ന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. കെയിനിനോട് കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരും ജീവിച്ചിട്ടുള്ളവരും അവരുടെ അനുഭവങ്ങള്‍ പറയുന്നത് ഫ്ലാഷ്‌ബാക്കായി കാണിക്കുന്നു. “റോസ്‌ബഡിന്റെ” അര്‍ത്ഥം കണ്ടെത്താനാവാതെ തോംസണ്‍ മടങ്ങുമ്പോള്‍ അത് പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ജീവിതത്തില്‍ എല്ലാം നേടി അവസാനം അതൊന്നുമല്ലെന്ന് മനസ്സിലാക്കുന്നതാണ് സിനിമയുടെ വിജയം. രണ്ട് തവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്യുന്ന കെയിന്‍ എല്ലാം തന്റെ ഇഷ്ടപ്രകാരം നടത്തുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികള്‍, രാഷ്ട്രീയത്തിലെ പരാജയം, സ്നേഹം കിട്ടാതിരിക്കുന്നത് തുടങ്ങിയവയെല്ലാം ജീവിതത്തില്‍ നേടിയ മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.

സിനിമയുടെ കഥയെക്കാളുപരി അതിന്റെ നിര്‍മ്മാണത്തിലാണ് സിറ്റിസണ്‍ കെയിന്‍ ശ്രദ്ധിക്കപെട്ടത്. നൂതനമായ പല ചിത്രീകരണ രീതികളും ആവിഷ്കരിക്കാന്‍ വെല്‍‌സിനു കഴിഞ്ഞു. വെല്‍‌സിന്റെ അഭിനയം മെത്തേഡ് ആക്ടിംഗിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്. മറ്റൊരു ശ്രദ്ധേയമായ സംഗതി ഇതില്‍ ചിത്രീകരണത്തിനുപയോഗിച്ചിരിക്കുന്ന ഡീപ് ഫോക്കസ് രീതിയാണ്. കാമറയുടെ റേഞ്ചില്‍ വരുന്നതിന്റെ പൂര്‍ണമായും ഒരേ സമയം ഫോക്കസില്‍ കൊണ്ടു വരുന്ന രീതിയാണത്. മറ്റൊരു ശ്രദ്ധേയമായ സംഗതിയാണ് കെയിനിന്റെ ആദ്യഭാര്യയുമായുള്ള ജീവിതം കാണിക്കുന്ന ഇതിലെ പ്രശസ്തമായ ബ്രേക്ക്ഫാസ്റ്റ് രംഗം ചിത്രീകരിച്ചിരിക്കുന്ന എപ്പിസോഡീക്ക് സിക്വെന്‍സ്. അതില്‍ കഥാപാത്രങ്ങള്‍ വേഷവും മേക്കപ്പും മാറി ഒരേ ലോക്കേഷനില്‍ തന്നെ ചിത്രീകരിച്ച് കാലം മാറുന്നത് തുടര്‍ച്ചയായി കാണിച്ചിരിക്കുന്നു. ഇതു പോലെ ധാരാളം “പുതുമകള്‍” നിറഞ്ഞ ഒന്നാണ് സിറ്റിസണ്‍ കെയിന്‍.

അക്കാലത്ത് മാധ്യമ രംഗത്തെ പ്രമുഖനായിരുന്ന വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റിന്റെ ജീവിതം ആസ്പദമാക്കിയാണ് ഇതിന്റെ കഥ രചിച്ചിരിക്കുന്നത്. ഇതിഷ്ടപ്പെടാതിരുന്ന ഹേര്‍സ്റ്റ് സിനിമയെ തകര്‍ക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക്കയും അതിന്‍ ഫലമായി ചിത്രം പരാജയപ്പെടുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി വാഴ്ത്തപ്പെടുകയുമായാണ് ഉണ്ടായത്. ഇന്ന് ഹേര്‍സ്റ്റിനെ പറ്റി പറയുമ്പോള്‍ സിറ്റിസണ്‍ കെയിന്‍ പരാമര്‍ശിക്കപ്പെടുന്നുവെന്നത് ഒരു ചരിത്രനീതിയായി കാണാം.

1 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    4 comments:

    Siju | സിജു said...
    ലോക ക്ലാസിക്കുകളെ സിനിമാ നിരൂപണത്തിലൂടെ പരിചയപെടുത്താനുള്ള ഒരു എളിയ ശ്രമം.

    ആദ്യമായി സിനിമാചരിത്രത്തില്‍ എക്കാലത്തേയും മികച്ച ചിത്രമായി കണക്കാക്കപെടുന്ന സിറ്റിസണ്‍ കെയിന്‍

    Thursday, March 08, 2007 6:42:00 PM
    വിന്‍സ് said...
    SIJU great Job. Citizen Cane oru looka classic thanney aanu. njan ennum cherish cheyyunna filmsil onnu. Niroopanam alpam koodi valuthaakkamayirunnu.

    Friday, March 09, 2007 2:19:00 AM
    Siju | സിജു said...
    നന്ദി വിന്‍സ്..
    എഴുതാന്‍ അത്ര പിടിയില്ല, ഒരാവേശത്തിനു പുറത്ത് ചെയ്തതാ..

    Wednesday, March 14, 2007 11:49:00 AM
    വിന്‍സ് said...
    Siju..... Thudarnnum ezhuthanam..... don't worry about not getting enough responses. Thankalum ee type films kaanunna oral aanennarinjathil valarey santhosham. I hope you will write reviews about gone with the wind, pather panjali, bicycle thief anganey othiri othiri classicukal. I am very much looking forward to more reviews of these films.

    Tuesday, March 20, 2007 4:49:00 AM