Wednesday, June 6, 2007

ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല


സംവിധാനം : അപൂര്‍വ്വ ലാഖിയ
കഥ, തിരക്കഥ : അപൂര്‍വ്വ ലാഖിയ, സുരേഷ് നായര്‍
അഭിനേതാക്കള്‍ : അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, വിവേക് ഒബ്രോയ്, അഭിഷേക് ബച്ചന്‍, തുഷാര്‍ കപൂര്‍, നേഹ ധൂപിയ, ദിയ മിര്‍സ, അമൃത സിംഗ്

ലോഖണ്ട്‌വാലയിലെ ജനനിബിഡമായ ഒരു അപ്പാര്‍ട്ട്മെന്റില്‍ മുംബൈ പോലീസ് 1991-ല്‍ നടത്തിയ രക്തപൂരിതമായ ഒരു എന്‍‌കൌണ്ടറും അതിലേക്ക് വഴിവെച്ച സംഭവങ്ങളുമാണ് “ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല” യിലൂടെ സംവിധായകനായ അപൂര്‍വ്വ ലാഖിയ പറയുന്നത്. സത്യമായ ഊഹാപോഹങ്ങളെന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. പത്തു മിനിറ്റ് പോലും തികച്ച് കാണിക്കാനില്ലാത്ത ഒരു സംഭവമാണ് വലിച്ചു നീട്ടി സിനിമയാക്കിയിരിക്കുന്നത്.

ഷൂട്ടൌട്ടിനെ പറ്റിയും മുംബൈയിലെ അധോലോക സംഘങ്ങളേയും പറ്റി പ്രോസിക്യൂട്ടറായ ധീഗ്രയോട് (അമിതാഭ് ബച്ചന്‍) വിവരിക്കുന്നതിലൂടെയാണ് സിനിമ മുന്നേറുന്നത്. ഷൂട്ടൌട്ടിന് നേതൃത്വം നല്‍കിയവരാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ എഐജി ഷംഷീര്‍ ഖാന്‍ (സഞ്ജയ് ദത്ത്), എസ്‌ഐ കവിരാജ് പാട്ടീല്‍ (സുനില്‍ ഷെട്ടി) ഹെഡ് കോണ്‍സ്റ്റബിള്‍ ജാവേദ് ഷേഖ് (അര്‍ബാസ് ഖാന്‍), എന്നിവര്‍. അവര്‍ നേരിട്ട അഞ്ചംഗ സംഘത്തിലെ പ്രധാനികളാണ് മായ (വിവേക് ഒബ്രോയ്), ഭുവ (തുഷാര്‍ കപൂര്‍) എന്നിവര്‍. ഭായി എന്നറിയപ്പെടുന്ന അധോലോക നേതാവാണ് ദുബായില്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് (ദാവൂദ് ഇബ്രാഹിമില്ലാതെ ബോംബെ അധോലോകമില്ലല്ലോ). ഭായിയുമായി തെറ്റുന്ന മായയും സംഘവും ഖാന്റെയും കൂട്ടരുടേയും നോട്ടപുള്ളികളാകുന്നു. ഭായിയുടെ കൂടെ സഹായത്തോടെ അവരെ കണ്ടെത്തി ഷൂട്ടൌട്ടിലൂടെ കീഴടക്കുന്നു. ഖാന്റെ ഭാര്യ (നേഹ ധൂപിയ), ടിവി റിപ്പോര്‍ട്ടര്‍ മീത മാട്ടു (ദിയ മിര്‍സ), മായയുടെ അമ്മ ആയി (അമൃത സിംഗ്) തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന എസ്‌ഐ അഭിഷേക് മാത്രേ (അഭിഷേക് ബച്ചന്‍) എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. സിനിമ താരനിബിഡമാണെങ്കിലും സഞ്ജയ് ദത്തിനൊഴികെ വേറെയാര്‍ക്കും കാര്യമായ വേഷമില്ല. “തേരി മാം കി..” എന്ന് പറഞ്ഞാല്‍ മാത്രം തുഷാര്‍ കപൂറിന് ഒരു ഗുണ്ടയാവാന്‍ പറ്റില്ല. അതു പോലെ തന്നെ വിവേക് ഒബ്രോയ്, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ നിരാശപെടുത്തി. നടികളില്‍ ചെറു വേഷമാണെങ്കിലും ഒരു വിധം ഭേദമെന്നു പറയാവുന്നത് അമൃതാസിംഗ് മാത്രമാണ്. പൊതുവെ അതിഥി വേഷങ്ങളില്‍ കയ്യടി നേടാറുള്ള അഭിഷേക് ബച്ചന്‍ ഇതില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളെ അനുകരിക്കാനുള്ള വികല ശ്രമങ്ങള്‍ പലയിടത്തും കാണാം. ഗാനരംഗങ്ങള്‍ അതിനു നല്ല ഉദാഹരണമാണ്. ആരുടെ വശത്താണ് ന്യായം എന്ന് സിനിമ കാണുന്നവര്‍ക്ക് മനസ്സിലാക്കാനോ അനുമാനിക്കാനോ പറ്റാത്ത രീതിയിലാണ് കഥ മുന്നേറുന്നത്; അവസാനിക്കുന്നതും.

എന്റെ റേറ്റിംഗ് : 1.5/5

4 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    മും‌ബൈയില്‍ 1991-ല്‍ നടന്ന ഒരു എന്‍‌കൌണ്ടറിനെ ആസ്പദമാക്കി എടുത്ത ചിത്രമായ “ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല”യുടെ ഒരു നിരൂപണം

  2. Haree said...

    കാണണോ എന്ന് സംശയിച്ചതാണിത്...
    ഏതായാലും നഷ്ടമായില്ല... :)
    --

  3. Anonymous said...

    ആനന്ദ് രാജ് ആനന്ദ് ചങ്കപ്പൊട്ടി പാടുന്നത് കേട്ടിട്ട് കാണാന്‍ പോയാലോ എന്നാലോചിച്ചതാ :)ഇതുംകൂടി പൊട്ടിയാല്‍ ആ വിവേക് ഒബറൊയിയുടെ കാര്യം പോക്കാണല്ലോ,ല്ലേ?

  4. പൊടിക്കുപ്പി said...

    ശരിയാ.. തല്ലിപൊളി പടം.. ഇനി കാത്തിരിക്കുന്നത് ചീനി കം. ഇപ്പോള്‍ അമിതാഭ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് പ്രണയം ;)