Wednesday, June 13, 2007

“ശിവാജി - ദി ബോസ്” വരുന്നു


തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ “ശിവാജി - ദി ബോസ്” ജൂണ്‍ 15-നു ലോകമെമ്പാടും റിലീസാവുകയാണ്. തമിഴിലെ സൂപ്പര്‍ സംവിധായകനായ ഷങ്കര്‍ രജിനിയോട് കൂടെ ചേര്‍ന്നപ്പോള്‍ രജിനിയുടെ ആരാധകര്‍ വന്‍പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. 2005 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ശിവാജി ഒന്നര വര്‍ഷത്തിലധികമെടുത്താണ് പൂര്‍ത്തിയായത്. കഴിഞ്ഞവര്‍ഷം ദീവാലിക്ക് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു ആരംഭിച്ച ശിവാജി പല വട്ടം നീട്ടിവെക്കലുകള്‍ക്കു ശേഷമാണ് ജൂണ്‍ 15നു ഉറപ്പിച്ചത്.

രജിനികാന്തിന്റെ നൂറാമത് തമിഴ് ചിത്രമായ ശിവാജിയുടെ പിന്നില്‍ അണിനിരക്കുന്നത് സിനിമാ രംഗത്തെ പ്രമുഖരാണ്. നിര്‍മ്മാണം തമിഴിലെ പ്രമുഖ ബാനറായ എവിഎം, സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍, കഥ സംവിധായകനായ ഷങ്കര്‍ തന്നെ, സംഭാഷണം ഷങ്കറിന്റെ പതിവുകാരനായ സുജാത, ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ്, നൃത്തസംവിധാനം പ്രഭുദേവ, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വാലിയും വൈരമുത്തുവുമടക്കം നാലു പേര്‍, അമ്പത്തേഴുകാരനായ രജിനിക്ക് യുവത്വം നല്‍കാനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനറായ മനീഷ മല്‍ഹോത്ര. മറ്റു അഭിനേതാക്കള്‍ ശ്രിയ, വിവേക്, സുമന്‍, പ്രകാശ് രാജ്, രഘുവരന്‍ തുടങ്ങിയവരാണ്.


ശിവാജി തീരുമാനിച്ചതു മുതല്‍ അതുമായി ബന്ധപെട്ടതെല്ലാം വാര്‍ത്തയായിരുന്നു. നായികയാവാന്‍ പതിവു പോലെ ആദ്യം ഐശ്വര്യ റായിയില്‍ തുടങ്ങി റാണി മുഖര്‍ജി, അസിന്‍, തൃഷ, സ്നേഹ, നയന്‍‌താര എന്നിവരെല്ലാം കഴിഞ്ഞാണ് ശ്രിയയ്ക്ക് നറുക്ക് വീണത്. അതു പോലെ വില്ലനാവാന്‍ മോഹന്‍ലാലിനു ക്ഷണം ലഭിച്ചിരുന്നു. സത്യരാജ്, നാനാ പടേക്കര്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കെല്ലാം ശേഷമാണ് സുമനെ തിരഞ്ഞെടുത്തത്. മറ്റൊരു പ്രമുഖ വേഷം ചെയ്യാന്‍ അമിതാഭ് ബച്ചനും ക്ഷണം ഉണ്ടായിരുന്നെങ്കിലും അത് രഘുവരനാണ് ചെയ്യുന്നത്. അതു പോലെ ഒരു ഐറ്റം നമ്പറിനായി മല്ലികാ ഷെറാവത്തിന്റെ പേരാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അതിനു ഭാഗ്യം ലഭിച്ചത് നയന്‍‌താരയ്ക്ക്. സിനിമയെ സംബന്ധിച്ച് കഥയോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഷങ്കര്‍ പുറത്താവാതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നതു കൊണ്ട് ഊഹാപോഹങ്ങള്‍ ധാരാളമാണ്. രജിനി ഡബിള്‍ റോളിലാണെന്നും അമിതാഭ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി വേഷങ്ങളില്‍ വരുന്നുണ്ടെന്നുമെല്ലാം അതില്‍ ചിലത് മാത്രം. സിനിമയുടെ കഥയെ പറ്റി പല രീതിയിലുമുള്ള വാര്‍ത്തകളും ഇറങ്ങിയിരുന്നു. പതിവു ഷങ്കര്‍ ചിത്രങ്ങളെ പോലെ അഴിമതിക്കെതിരെ രാജ്യത്തിലിപ്പോഴുള്ള വികസനത്തിനെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കുമെന്നു കരുതുന്നു. ട്രെയിലറുകളും അത്തരം ഒരു വീക്ഷണമാണ് നല്‍കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനു വേണ്ടി രജിനി തല മുണ്ടനം ചെയ്തതും വാര്‍ത്തയായിരുന്നു.


ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവു കൂടിയ ചിത്രമാണ് ശിവാജിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിലവു 100 കോടി വരുമെന്നാണ് അഭ്യൂഹം. അതില്‍ തന്നെ രജിനികാന്തിന്റെ പ്രതിഫലം 20 കോടി മുതല്‍ 40 കോടി വരെയാണെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് രജിനി തന്നെയാണെന്ന് ഉറപ്പിക്കാം. രജിനിക്ക് വേണ്ടി ചിലവാക്കുന്ന പണം ഒരു ഷുവര്‍ബെറ്റായാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ബാബയൊഴികെ രജിനിയുടേതായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പണം തിരിച്ചു പിടിച്ചവയാണ്. ശിവാജി വിജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയം ഉള്ളതായി തോന്നുന്നില്ല. ശിവാജിയുടെ വിതരണാവകാശം കേരളത്തില്‍ മൂന്നരക്കോടിക്കും ആന്ധ്രയില്‍ 14 കോടിക്കും ആണ് വിറ്റു പോയിരിക്കുന്നത്. കേരളത്തിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കു പോലും ലഭിക്കാത്ത സ്വീകരണമാണ് കഴിഞ്ഞ് ദിവസം ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോഴും അതിനു മുമ്പ് കാസറ്റ് റിലീസിംഗിനും കണ്ടത്. നാല്പതിനായിരത്തോളം സിഡികള്‍ കേരളത്തില്‍ മാത്രം വിറ്റഴിഞ്ഞു. ആദ്യ ദിവസങ്ങളിലേക്കുല്ല ടിക്കറ്റുകളും വിറ്റു തീര്‍ന്നു. മറ്റിടങ്ങളിലും സ്ഥിതി വിത്യസ്തമല്ല. സാധാരണ ചെന്നൈയില്‍ പത്തില്‍ താഴെ മാത്രം തീയറ്ററുകളില്‍ തമിഴ് സിനിമകള്‍ റിലീസ് ചെയ്യാറുള്ളപ്പോള്‍ ശിവാജി ചെന്നൈയിലെ പതിനെട്ട് തീയറ്ററുകളിലാണ് ഇറങ്ങൂന്നത്. എങ്കിലും ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ആയിരത്തിനും രണ്ടായിരത്തിനും പോലും ലഭിക്കാനില്ല. ശിവാജിയുടെ ട്രെയിലര്‍ ഇറങ്ങിയതും ഒരു പ്രത്യേകതയായിരുന്നു. തീയറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുകയായിരുന്നു. ട്രെയിലര്‍ കാണാന്‍ വേണ്ടി വന്ന രജിനി ആരാധകര്‍ മറ്റു സിനിമകള്‍ക്ക് ഗുണമായി.


ഇതിനെയെല്ലാം വെറും താരാരാധനയെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. സൌന്ദര്യമോ അഭിനയശേഷിയോ നേതൃപാടവമോ തന്ത്രങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ഇത്രയധികം ജനങ്ങളെ ഈ രീതിയില്‍ ആകര്‍ഷിക്കാന്‍ കഴിയുകയെന്നു പറയുന്നത് അവിശ്വസനീയം തന്നെയാണ്. ഒരു പക്ഷേ ലോകത്തൊരിടത്തും തന്നെ ഇത്തരമൊരു “പ്രതിഭാസം” കാണാന്‍ കഴിഞ്ഞെന്നു വരില്ല. പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളുമെല്ലാം ഈ രജിനി എഫക്റ്റിനെ കുറിച്ച് അടുത്തിടെ പരാമര്‍ശിച്ചിരുന്നു. നമുക്കിതെല്ലാം പതിവു പോലെ തമിഴന്റെ വിവരക്കേടായി കാണാം


വാല്‍ക്കഷണം : ട്രെയിലറില്‍ കണ്ട ഒരു രംഗം

രജിനി : യേ അമ്മാ എന്നെ കറുപ്പാ പെറ്റത്..

അമ്മ : വെളുപ്പാനാ അഴുക്കായിടുമെടാ.. അതുക്കു താന്‍ കറുപ്പാ പെറ്റത്..

8 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    ഷങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ പുതിയ തമിഴ് ചിത്രം “ശിവാജി - ദി ബോസ്” ജൂണ്‍ 15നു പുറത്തിറങ്ങുന്നു.
    അതിനെ പറ്റി..

  2. ഉണ്ണിക്കുട്ടന്‍ said...

    ഡാ സിജൂ വന്നു വന്നു നീ പടം ഇറങ്ങുന്നതിനു മുന്‍പേ റിവ്യൂ നടത്തി തുടങ്ങിയോ..?

    രജനിയുടെ പ്രതിഫലം 17 കോടി.

    കഴിഞ്ഞ ദിവസം ചെന്നൈല്‍ വേറൊരു സിനിമാ കാണാന്‍ പൊയപ്പോള്‍ ശിവജിയുടെ ട്രൈലര്‍ കാണിച്ചിരുന്ന കാര്യം ഞാന്‍ ഹരിയുടെ ബ്ലോഗില്‍ പറഞ്ഞിരുന്നു. അവരുടെ ആ അവേശം കാണുമ്പോള്‍ .ഹൊ

  3. പൊടിക്കുപ്പി said...

    അധികം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ ആ ഡയലോഗ് കൊള്ളാലോ ;)

  4. Kumar Neelakandan © (Kumar NM) said...

    സിജൂ, ഹെഡ്ലൈന്‍സ് റ്റുഡേയും എന്‍ ഡി ടിവിയും സി എന്‍ എന്‍ ഐ ബി എന്നും രണ്ടുദിവസം മുന്‍പു ഇതിന്റെ ട്രെയിലര്‍ അടക്കം വരവ് ആഘോഷിച്ചിരുന്നു. അതിനര്‍ത്ഥം ഇതൊരു നാഷണല്‍ സംഭവ് ആണ്.
    (ആലോചിച്ചിട്ട് പേടിയാകുന്നു)

    ഇന്ത്യാവിഷനിലെ പ്രോഗ്രാമില്‍ പറഞ്ഞത് ആകെ മുതല്‍ മുടക്ക് 50 കോടി എന്നാണ്. ഓഡിയോ ട്രാക്കിന്റെ റൈറ്റ് എടുത്തിട്ടുള്ള ജോണീ സാഗരിക ആ പ്രോഗ്രാമില്‍ ചെന്നെയില്‍ നിന്നും പറഞ്ഞത് ചെന്നൈയില്‍ മാത്രം ആ സിനിമയുടെ 20 കോടിയുടെ ടിക്കറ്റ് വിറ്റുപോയി എന്നാണ്.
    (സത്യമായിട്ടും പേടിയാകുന്നു)

    പക്ഷെ ഒന്നുണ്ട്, ആ ട്രയലര്‍ ഒക്കെ കാണുമ്പോള്‍ അതൊരു ഷങ്കര്‍ പടം എനൊരു ഫീല്‍ കിട്ടുന്നില്ല. മറിച്ച് ഒരു തനി രജനി പടം (പി വാസു ഒക്കെ ചെയ്യും പോലെ) അത്രേയുള്ളു. ഷങ്കറിന്റെ പടം ആയതുകൊണ്ട് ഒന്നും പറയാനാവില്ല. പ്രേക്ഷകനെ വാ പോളിച്ചിരുത്താന്‍ കഴിവുള്ള കലാകാരനാണ് അയാള്‍.

    വാഴ്‌വേ മായം.!

  5. Siju | സിജു said...

    കുമാറേട്ടാ..
    ചിത്രത്തിന്റെ മൊത്തം ചിലവും രജിനിയുടെ ശമ്പളവും എത്രയെന്ന് കൃത്യമായി അറിയില്ല. എങ്കിലും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് രജിനിക്ക് 20 കോടി കൊടുത്തിട്ടുണ്ട്. ചിത്രം വിജയിക്കുകയാണെങ്കില്‍ 20 കോടി കൂടെ കൊടുക്കും എന്നാണ്. ഇതെല്ലാം കൂടി വരുമ്പോള്‍ ചിത്രത്തിന്റെ മൊത്തം ചിലവ് 100 കോടിയാകുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രം. വിക്കിപീഡിയയിലും പറഞ്ഞിട്ടുള്ളത് ചിലവ് 100 കോടിയെന്നാണ്.

    പിന്നെ, 20 കോടി രൂപയ്ക്കുള്ള ടിക്കറ്റ് വിറ്റുപോയെന്നു പറയുന്നതു ശരിയല്ല. ചെന്നൈയിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് അഭിരാമി തീയറ്റര്‍ ഉടമ രാമനാഥനും ജി വി ഫിലിംസും ആണു; ആറര കോടി രൂപയ്ക്ക്. രജിനിയുടെ മുന്‍ചിത്രമായ ചന്ദ്രമുഖിയ്ക്ക് ലഭിച്ച മൊത്തം കളക്ഷന്‍ മൂന്നരകോടി മാത്രമാണ്. അപ്പോള്‍ ഈ ആറര കോടി ഇവര്‍ എങ്ങനെ മുതലാക്കുമെന്ന് കണ്ടറിയണം

    ഉണ്ണിക്കുട്ടാ.. ഇതു പിറിവ്യൂ അല്ലേ.. :-)

    പൊടീ.. ഒരു ഡയലോഗ് കൂടി കേട്ടോ.. ബോസെന്നാ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ സര്‍വീസ്

  6. മെലോഡിയസ് said...

    ഇന്നത്തെ പത്രത്തില്‍ കണ്ടത്
    ത്രിശുരിലും സംഭവം കേമം ആക്കും എന്നാ‍. ത്രിശുരില്‍ തന്നെ രണ്ട് സ്ഥലത്താ റിലീസ് ചെയ്യുന്നത്. രാഗത്തിലും പിന്നെ കൈരളിയിലും. ഫിലിം പെട്ടി കൈയ്യില്‍ കിട്ടിയാ അതും കൊണ്ട് നേരെ പാറമേക്കാവ് ക്ഷേത്രത്തില്‍ കൊണ്ട് പോയി പൂജിച്ചിട്ട് ത്രിശൂര്‍ റൌണ്ട് ഒന്ന് ചുറ്റിയിട്ടേ തിയറ്ററില്‍ കയറ്റൂ ഇവിടെ ഉള്ള രജനി രസികര്‍ മണ്‌ട്രം പത്രസമ്മേളനം വിളിച്ച് കൂട്ടി അറിയിച്ചു. ബാക്കി ഇനി എന്തൊക്കെയാണാവോ നടക്കുന്നത്..

  7. വിനയന്‍ said...

    ശ്രീ.ഷിജു
    എനീക്ക് തമിഴ് പടാങ്ങളോട് വലിയ താല്പര്യം ഇല്ല പക്ഷെ താങ്കളുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ശിവാജി ഒന്ന് കണ്ടാല്‍ കൊള്ളാം എന്നു തോന്നുന്നു.വളരെ നല്ല വിവരണം ആയിരിക്കുന്നു.താങ്കള്‍ ഈ മേഘലയില്‍ പരിചയ സമ്പന്നന്‍ ആണെന്നു തോന്നുന്നു.
    നടക്കട്ടെ.
    താങ്കളുടെ ആശകള്‍ പൂവണിയട്ടെ.

  8. Unknown said...

    രജിനിയുടെ 100ആമത് പടം അല്ല ശിവാജി, ശ്രീ രാഘവേന്ദ്ര ആണ്!

    തിരുത്തിക്കൊള്ളൂ സിജൂഭായ്