Friday, June 15, 2007

ചീനി കം


കഥ, സംവിധാനം : ആര്‍. ബാല്‍കി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : പി സി ശ്രീറാം
അഭിനേതാക്കള്‍ : അമിതാഭ് ബച്ചന്‍, തബു, പരേഷ് റാവല്‍, സൊഹ്‌റാ സെഹ്ഗ്‌വാള്‍, സ്വിനി ഖാര

ഒന്നരക്കിലോ പച്ചയായിട്ടുള്ള അമിതാഭ് ബച്ചനേയും 999 ഗ്രാം ഫ്രഷ് തബുവിനേയും രണ്ട് ടീസ്പൂണ്‍ എരിവുള്ള പരേഷ് റാവലിനേയും പാകത്തിനു ചേര്‍ത്ത് മധുരം കൂടിപോകാതെ പുതുമുഖ സംവിധായകനായ ബാല്‍കി തയ്യാറാക്കിയിരിക്കുന്ന പുതിയ ചിത്രമാണ് ചീനി കം. നിശബ്ദിനു ശേഷം ബച്ചന്‍ ചെറുപ്പക്കാരിയായ നായികയുമായി വരുന്ന ചിത്രം മോശമായിട്ടില്ല. ചെറിയൊരു കഥയാണെങ്കിലും അത് രസകരമായി തന്നെ ബാല്‍കി തന്റെ പരസ്യ സംവിധാനത്തിലെ പരിചയ സമ്പത്ത് വെച്ച് പറഞ്ഞിട്ടുണ്ട്.

ലണ്ടനിലെ “ഏറ്റവും മികച്ച“ ഇന്ത്യന്‍ റെസ്റ്റോറന്റായ സ്പൈസ് സിക്സിന്റെ ഉടമയും പ്രധാന ഷെഫുമാണ് കര്‍ക്കശക്കാരനും പിടിവാശിക്കാരനുമായ ബുദ്ധദേവ് ഗുപ്ത (അമിതാഭ്). ഒരു ദിവസം അവിടത്തെ അടുക്കളയില്‍ നിന്നും പോയ ഹൈദരാബാദി സഫ്രാണി പുലാവ് മധുരം (ചീനി) കൂടീ പോയെന്ന ആരോപണത്തോടെ അതേ പോലെ തിരിച്ചുവന്നു. അഭിമാനത്തിനു ക്ഷതമേറ്റ ബുദ്ധ അതിഥിയായ നീനാ വര്‍മ്മയോട് (തബു) തട്ടിക്കയറുകയും ശരിയായ പുലാവുണ്ടാക്കി കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു. പിറ്റേന്ന് നീനയുണ്ടാക്കി കൊണ്ടുവരുന്ന പുലാവ് രുചിച്ചു നോക്കുന്ന ബുദ്ധക്ക് തെറ്റു മനസ്സിലാകുന്നു. മാപ്പ് പറഞ്ഞു ശീലമില്ലാത്തതിനാല്‍ നീനയോട് മാപ്പ് പറയാന്‍ കഴി്യുന്നില്ലെങ്കിലും അതോടെ രണ്ടു പേരും അടുക്കുന്നു. വിവാഹത്തിനു നീനയുടെ പിതാവ് വര്‍മ്മയുടെ (പരേഷ റാവല്‍) സമ്മതം തേടി ദില്ലിയെലുത്തുന്ന ബുദ്ധ‍ക്ക് തന്നേക്കാള്‍ ആറു വയസ് കൂടുതലുള്ള ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വര്‍മ്മ തയ്യാറാകുന്നില്ല. വര്‍മ്മയുടെ സമ്മതം നേടാനുള്ള പരിശ്രമങ്ങളാണ് സിനിമയുടെ മര്‍മ്മം. ശ്രദ്ധിക്കപെടുന്ന മറ്റു രണ്ട് കഥാപാത്രങ്ങളാണ് മകനെ റെസ്ലിംഗ് ഹീറോസിനെ പോലെയാക്കിയെടുക്കാന്‍ ജിമ്മില്‍ പോകാന്‍ ഉപദേശിക്കുക്കയും ടിവി സീരിയലുകള്‍ കണ്ട് സമയം കഴിക്കുകയും ചെയ്യുന്ന ബുദ്ധയുടെ അമ്മയും (സൊഹ്‌റാ സെഹ്ഗ്‌വാള്‍) ബുദ്ധയുടെ ഒമ്പത് വയസ്സുള്ള അയല്‍ക്കാരിയായ “ഗേള്‍ഫ്രണ്ടായിവരുന്ന സെക്സിയും (സ്വിനി ഖാര). രക്താര്‍ബുദം ബാധിച്ച സെക്സിയാണ് അവശ്യ സന്ദര്‍ഭങ്ങളില്‍ ബുദ്ധയ്ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത്.

ചെറു ചെറു തമാശകളിലൂടെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാന്‍ കഥയെഴുതി സംവിധാനം ചെയ്ത ബാല്‍കിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ സിനിമയില്‍ വലിച്ചില്‍ വരുന്നു. അതു പോലെ കഥാന്ത്യവും തികച്ചും പ്രതീക്ഷിതം ആയിപ്പോയി. അഭിനേതാക്കളില്‍ പോണി ടെയിലുമായി വരുന്ന അമിതാഭ് തന്നെ മികച്ചു നില്‍ക്കുന്നു. അറുപത്തിനാലുകാരനായ കര്‍ക്കശക്കാരന്‍ കാമുകനെ അമിതാഭ് വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പരേഷ് റാവലും തബുവും സൊഹ്‌റാ സെഹ്ഗ്‌വാളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. സിനിമകളില്‍ ചെറിയ വായില്‍ വലിയ സംസാരം നടത്തുന്ന കുട്ടികള്‍ പലപ്പോഴും അസഹനീയമാകാറുണ്ടെങ്കിലും ഇവിടെ സ്വിനിയുടെ അഭിനയം തികച്ചും ക്യൂട്ടാണ്.

സിനിമയിലെ ഗാനവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജയാണ്. ഇളയരാജയുടെ തന്നെ പഴയ തമിഴ് സിനിമകളായ മൌനരാഗം, മെല്ലെ തുറന്ത കതവ്, തുടങ്ങിയ ചിത്രങ്ങളിലെ സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീറാമാണ്. പുതുമയുള്ള രംഗങ്ങളിലൂടെ ചിത്രീകരിച്ചതിന്റെ ക്രെഡിറ്റ് ശ്രീറാമിന്.

പലപ്പോഴും അശ്ലീലമാകാവുന്ന രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും അത് സഭ്യത ലംഘിക്കാതെ തന്നെ കടന്നു പോകുന്നതു കൊണ്ട് കുടുംബസമേതം തന്നെ കാണാവുന്ന ഒരു ചിത്രമാണ് ചീനി കം


എന്റെ റേറ്റിംഗ് : 3.5/5

9 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    അറുപത്തിനാലുകാരനായ നായകനും മുപ്പത്തിനാലുകാരിയായ നായികയുമായുള്ള പ്രേമത്തിന്റെ കഥ പറയുന്ന ചീനി കം..

  2. :: niKk | നിക്ക് :: said...

    ഹഹഹ സിജുവേ, ഇതു കലക്കീട്ട്രാ. 64കാരന്റെ ടൈം :D

  3. Haree said...

    കാണണമെന്നുണ്ട്. പക്ഷെ, രണ്ടു ദിവസമേയായുള്ളൂ ഇവിടെ ഓടിത്തുടങ്ങിയിട്ട്... ഞാനറിയുന്നത് ഇന്നലെ വൈകുന്നേരവും. ഇന്ന് മാറുമോ ആവോ!

    ഒരു ദിവസം അവിടത്തെ അടുക്കളയില്‍ നിന്നും പോയ ഹൈദരാബാദി സഫ്രാണി പുലാവ് മധുരം (ചീനി) കൂടീ പോയെന്ന ആരോപണത്തോടെ അതേ പോലെ തിരിച്ചുവന്നു. അഭിമാനത്തിനു ക്ഷതമേറ്റ ബുദ്ധ അതിഥിയായ നീനാ വര്‍മ്മയോട് (തബു) തട്ടിക്കയറുകയും ശരിയായ പുലാവുണ്ടാക്കി കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.

    വിവാഹത്തിനു നീനയുടെ പിതാവ് വര്‍മ്മയുടെ (പരേഷ റാവല്‍) സമ്മതം തേടി ദില്ലിയെലുത്തുന്ന ബുദ്ധ‍ക്ക് തന്നേക്കാള്‍ ആറു വയസ് കൂടുതലുള്ള ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വര്‍മ്മ തയ്യാറാകുന്നില്ല. വര്‍മ്മയുടെ സമ്മതം നേടാനുള്ള പരിശ്രമങ്ങളാണ് സിനിമയുടെ മര്‍മ്മം.

    ടാബുവാണോ മധുരം കൂടിപ്പോയെന്നു പറഞ്ഞു വന്നത്? അതുപോലെ ആറുവയസേ കൂടുതലുള്ളൂ??? ആ പാരഗ്രാഫില്‍ ആകെ കണ്‍ഫ്യൂഷന്‍.
    --

  4. കരീം മാഷ്‌ said...

    കണ്ടിട്ടു മൂന്നാഴ്ചയായി, എന്നാലും ചിലരംഗങ്ങള്‍ കയ്പ്പു കൂടുതല്‍ അനുഭവപ്പെട്ടതിനാല്‍ മനസ്സില്‍ നിന്നു മായ്ച്ചു വിട്ടു.
    ഉദാ:-ഒരു സ്വാതന്ത്രസമര സേനാനിയുടെ ഏകമകളായ നീന,
    ഹൈദ്രബാദി സഫ്രാണി പുലാവിനെ അതിന്റെ തനിമയോടെ ഉള്ളില്‍ കൊണ്ടു നടക്കുന്ന ഭാരതത്തിന്റെ നൊസ്റ്റാള്‍ജിയ പേരുന്ന നായിക, വീട്ടില്‍ തനിച്ചായ സമയത്തു നായകനെ ക്ഷണിക്കുന്നതും വയസ്സനായ നായകന്‍ ഒരു കെട്ടു ക്വാണ്ടവുമായി അവളെ കാണാനെത്തുന്ന സീനും കണ്ടപ്പോള്‍ പാല്‍പ്പായസത്തില്‍ വീണ ഇറച്ചിക്കഷ്ണമാണോര്‍മ്മ വന്നത്.
    മൊത്തത്തില്‍ എനിക്കു ആ ഉരുക്കുപില്ലറിന്റെ അവിടുന്ന ക്ലൈമാക്സു രംഗങ്ങള്‍ മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ.

  5. സൂര്യോദയം said...

    സിജൂ... നല്ല നിരീക്ഷണം.. :-) നന്ദി..

  6. മിടുക്കന്‍ said...

    ശരിയാണ്, സിനിമ ഞാന്‍ 2 ആഴ്ച മുന്നേ കണ്ടിരുന്നു...(കുറേ, കാലത്തിനു ശേഷം ഒരു സിനിമ കണ്ടതാണ്..)
    സിജു മാര്‍ക്ക് കൊടുക്കാന്‍ ഒരു പിശുക്കനാണല്ലൊ..? നീ മാഷാവാത്തത് കുട്ടികളുടെ ഭാഗ്യം.. ഒരു 4.25/5 ഞാന്‍ ഇടുന്നു...
    ഹരി, ആ കണ്‍ഫ്യൂഷന്‍ ഒക്കെ അങ്ങനെ തന്നെ ഇരിക്കട്ടെ, എന്നിട്ട് തീയേറിലൊട്ട് ചെല്ല്...

  7. പൊടിക്കുപ്പി said...
    This comment has been removed by the author.
  8. പൊടിക്കുപ്പി said...

    “എന്റെ ഗുരുവായൂരപ്പാ.. എന്റെ ഗുരുവായൂരപ്പാ..” നല്ല ഇഷ്ടായി.. :D അമിതാഭിന്റെ പോണിയ്ക്കിട്ട് ഒരു വലി കൊടുക്കാന്‍ തോന്നി ;)
    സ്ക്കൂള്‍പിള്ളേരു പോലും ബാഗില്‍ ക്വാണ്ടം ഇട്ടു നടക്കുന്ന കാലത്ത് (indiaയില്‍ തന്നെ)യാതൊരു അസ്വഭാവികതയും ആ രംഗങ്ങള്‍ക്കില്ല.. കോഫി കുടിക്കല്‍ ഈസ് നോട്ട് ദാറ്റ് അണ്‍ യൂഷ്വല്‍!

  9. Anonymous said...

    Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.