Thursday, June 7, 2007

പരുത്തിവീരന്‍


സംവിധാനം : അമീര്‍
സംഗീതം : യുവന്‍ ശങ്കര്‍ രാജ
ഛായാഗ്രഹണം : രാംജി
അഭിനേതാക്കള്‍ : കാര്‍ത്തി, പ്രിയാമണി, ശരവണന്‍, പൊന്‍‌വണ്ണന്‍, ഗഞ്ചാകറുപ്പ്

സംവിധായകന്‍ അമീറിന്റെ മൂന്നാമത് ചിത്രമാണ് പരുത്തിവീരന്‍. മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലെ മണ്ണിന്റെ മണമുള്ള ഒരു കഥയാണ് അമീര്‍ ഇത്തവണ പറയുന്നത്. പ്രമുഖ താരങ്ങളൊന്നുമില്ലാതെ പഴയകാല നടന്‍ ശിവകുമാറിന്റെ മകനും യുവനടന്‍ സൂര്യയുടെ സഹോദരനുമായ കാര്‍ത്തിയേയും ഇതുവരെ നല്ല വേഷങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത പ്രിയാമണിയേയും മറ്റു അപ്രശസ്തരായ നടിനടന്മാരേയും അണിനിരത്തി റിയലിസ്റ്റിക് ആയി തന്നെയെടുത്തിരിക്കുന്ന ചിത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ പ്രധാന ബഹുമതിയും അമീറിനു സ്വന്തം.

പരിത്തിയിലെ പ്രമുഖ റൌഡികളാണ് വീരനും (കാര്‍ത്തി) ചിറ്റപ്പന്‍ ചെവ്വഴായിയും (ശരവണന്‍). വീരന്റെ ബാല്യകാല സഖിയായ "കറുപ്പാച്ചി" മുത്തഴഗിന് (പ്രിയാമണി) അവനെ ഇഷ്ടമാണെങ്കിലും അവന് അവളുടെ അച്ഛന്‍ കഴുഡിത്ത് തേവനുമായുള്ള (പൊന്‍‌വണ്ണന്‍) കുടുംബ വഴക്ക് മൂലം അവളോട് അത്ര അടുപ്പമില്ല. പക്ഷേ, വീരനു വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന മുത്തഴഗിന്റെ സ്നേഹത്തിനു മുന്നില്‍ അവന്‍ കീഴടങ്ങുന്നു. അതോടെ അവരുടെ സ്നേഹത്തിനു വിലങ്ങുതടിയായി മുത്തഴഗിന്റെ കുടുംബം വരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാന്‍ അവരുടെ സ്നേഹത്തിനാകുമോ എന്നത് സിനിമയിലെ സസ്പെന്‍സ്.

കഥ വളരെ മനോഹരമായി തന്നെ അമീര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലാഷ്‌ബാക്കുകളിലൂടെ പറയുന്ന കുടുംബവൈരത്തിന്റെ കഥയും വീരന്റേയും മുത്തഴഗിന്റേയും ചെറുപ്പകാലവുമെല്ലാം സിനിമയോട് ചേര്‍ന്നു തന്നെ നില്‍ക്കുന്നു. അഭിനേതാക്കളെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. എങ്കിലും ഏറ്റവും മികച്ചത് പ്രിയാമണി തന്നെ. സ്വയം ശബ്ദം നല്‍കി മേക്കപ്പില്ലാതെ അഭിനയിച്ച പ്രിയാമണിയുടെ വേഷം ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്നതാണ്. ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ കാര്‍ത്തിക്ക് കഴിഞ്ഞിട്ടുണ്ട്. ശരവണനും പൊന്‍‌വണ്ണനുമടക്കം മറ്റു നടീനടന്മാരെല്ലാം തന്നെ പരാമര്‍ശിക്കപെടേണ്ടവരാണ്. അഭിനേതാക്കള്‍ക്കെല്ലാം തന്നെ അവരവര്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

രാംജിയുടെ ക്യാമറ ഗ്രാമത്തിന്റെ ശാലീനതയും ഭംഗിയും രൌദ്രതയുമെല്ലാം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. യുവന്‍ശങ്കര്‍രാജയുടെ ഗാനങ്ങള്‍ ഇളയരാജയുടെ പഴയ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. തമിഴ് നാടോടിഗാനങ്ങളുടെ ചുവയുള്ള ഗാനങ്ങളെല്ലാം മികച്ചതാണ്.

ബാലയുടെ പിതാമഹനു ശേഷം തമിഴില്‍ വന്ന മികച്ച ചിത്രങ്ങളിലൊന്നാണ് പരുത്തിവീരന്‍.
എന്റെ റേറ്റിംഗ് : 4/5

5 അഭിപ്രായങ്ങള്‍:

 1. Siju | സിജു said...

  മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലെ വീരന്റേയും മുത്തഴഗിന്റേയും കഥ പറയുന്ന പരുത്തിവീരന്‍ - ഒരു നിരൂപണം

 2. kaithamullu : കൈതമുള്ള് said...

  സിജൂ,
  നോട്ട് ചെയ്തു വയ്ക്കുന്നൂ, വരുമ്പോള്‍ കാണാന്‍ വേണ്ടി.

 3. ദില്‍ബാസുരന്‍ said...

  നിരൂപണം നന്നായി സിജൂ. കാണാന്‍ ശ്രമിയ്ക്കുന്നുണ്ട്.

 4. Haree | ഹരീ said...

  അയ്യോ...
  ഞാനിത് മിസ്‌ഡ്... :(
  കാണണമെന്നു കരുതിയിരുന്നതാണ്... പക്ഷെ പരുത്തിവീരനെന്ന പേരും, ആ പോസ്റ്ററുമൊക്കെക്കൂടെ പേടിപ്പിച്ചു കളഞ്ഞു... :)
  --

 5. Thulasi said...

  സിജൂ,

  അമീര്‍ ബാലയുടേയും,കാര്‍ത്തിക്ക് മണിരത്നത്തിന്റേയും അസിസ്റ്റന്റുമാരായിരുന്നു.ഒരിക്കല്‍ മലയാളികള്‍ അതിഭാവുകത്വ സിനിമകള്‍ എന്നാക്ഷേപിച്ചിരുന്ന തമിഴ് സിനിമയെ പ്രതിഭാധനരായ ഒരുപിടി യുവ സംവിധായകര്‍ തിരുത്തിയെഴുതുകയാണ്,ബാല,വസന്തബാലന്‍,ഗൌതം മേനോന്‍,മിഷ്‌കിന്‍,അമീര്‍.പരുത്തിവീരന്‍ ഒരു ക്ലാസിക് ആണെന്നാണ് ചാരുനിവേദിത പോലും പറയുന്നത്.