
രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍
സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.
ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.
കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസിഎക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.
ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.
ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.
സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.
സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.
ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്
എന്റെ റേറ്റിംഗ് : 3/5